കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്നലെ പിടികൂടിയ 600 കിലോ പഴകിയ കോഴിയിറച്ചി കൊണ്ടുവന്നത് ഹോട്ടല്‍ ആവശ്യത്തിനായി. മംഗള-നിസാമുദ്ദീന്‍ എക്പ്രസ് തീവണ്ടിയില്‍ 60 കിലോവീതം വരുന്ന 10 തെര്‍മോക്കോള്‍ പെട്ടികളിലായി സൂക്ഷിച്ച നിലയിലായിരുന്നു പഴകിയ കോഴിയിറച്ചി.ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ശിവദാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇറച്ചി പിടികൂടിയത്.
ഷവര്‍മയുണ്ടാക്കാന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള എല്ലില്ലാത്ത ഇറച്ചിയാണ് കണ്ടെത്തിയത്. പ്രാഥമികപരിശോധനയില്‍ തന്നെ ഇവ ഉപയോഗശൂന്യമാണെന്ന് ബോധ്യപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. കൃത്യമായ ഫ്രീസര്‍ സംവിധാനമില്ലാതെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് തെര്‍മോക്കോള്‍ പെട്ടിയില്‍ സൂക്ഷിച്ച നിലയിലാണ് ഇറച്ചി കണ്ടെത്തിയത്.
ഡല്‍ഹിയില്‍ നിന്നാണ് ഇവ അയച്ചതെന്ന് രേഖകളില്‍ നിന്ന് അധികൃതര്‍ക്ക് വ്യക്തമായിട്ടുണ്ട്. മംഗള-നിസാമുദ്ദീന്‍ എക്സ്പ്രസ് ഡല്‍ഹിയില്‍ നിന്ന് യാത്രപുറപ്പെട്ടാല്‍ രണ്ടുദിവസം കഴിഞ്ഞാണ് കോഴിക്കോട്ടെത്തുക. ഇതിനുമുമ്പുതന്നെ ഇറച്ചി എടുത്തുെവച്ചതാവാനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു.