തിരുവനന്തപുരം: അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഉഗ്രവിഷമുള്ള പാമ്പിനെ പിടികൂടി വാവ സുരേഷ്. കേരളത്തില്‍ വളരെ അപൂര്‍വ്വമായി കാണപ്പെടുന്ന ബാന്‍ഡഡ് ക്രെയ്റ്റ് എന്ന പാമ്പിനെയാണ് വാവ സുരേഷ് പിടികൂടിയത്.
തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴിനടുത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്. കറുപ്പില്‍ മഞ്ഞ വര, ഉരുണ്ട പരന്ന തല, ഉരുണ്ട വാല് എന്നിവയാണ് ഈ പാമ്പിനുള്ളത്. ശംഖുവരയന്റെ ഗണത്തില്‍ പെട്ട പാമ്പാണിത്. വലിയ കുപ്പിയിലാക്കിയാണ് പാമ്പിനെ കൊണ്ടുപോയത്.
പിടികൂടിയ പാമ്പ് അപൂര്‍വയിനത്തില്‍ പെട്ട ബാന്‍ഡഡ് ക്രെയ്റ്റ് ആണെന്ന് പിന്നീട് സ്ഥീരീകരിച്ചു. പാമ്പിനെ പിന്നീട് തിരുവനന്തപുരം മ്യൂസിയത്തിനു കൈമാറി.രാത്രിയില്‍ ബെക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാക്കളാണ് റോഡിലൂടെ നീങ്ങുന്ന പാമ്പിനെ കണ്ട് വാവ സുരേഷിനെ വിളിച്ചത്. രാജവെമ്പാലയാണെന്നു കരുതിയാണ് ഇവര്‍ പാമ്പിനെ കണ്ട വിവരം വിളിച്ചറിയിച്ചത്.
സമീപത്തെങ്ങും വനമേഖലയില്ലാത്തതിനാല്‍ കണ്ടത് രാജവെമ്പാലയാകാന്‍ സാധ്യതയില്ലെന്ന് വിളിച്ചപ്പോള്‍ തന്നെ വാവ സുരേഷ് വ്യക്തമാക്കിയിരുന്നു. വാവ സുരേഷ് എത്തുമ്പോള്‍ പാമ്പ് ചേര്‍ന്നുള്ള കുറ്റിക്കാടിനുള്ളില്‍ പതുങ്ങിയ നിലയിലായിരുന്നു. ശരീരത്തുള്ള മഞ്ഞവര മാത്രമാണ് ടോര്‍ച്ചടിച്ചപ്പോള്‍ കാണാനായത്. പാമ്പിനെ കണ്ടപ്പോള്‍ തന്നെ രാജവെമ്പാലയല്ലെന്ന് ഉറപ്പിച്ചായിരുന്നു പിടികൂടാനിറങ്ങിയത്.
ഏറെ പണിപ്പെട്ടാണ് അപകടകാരിയായ പാമ്പിനെ പിടികൂടിയത്. ഇവ കൂടുതലായും കാണപ്പെടുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുമാണ്.
തെക്കന്‍ ചൈന, ഇന്തോനീഷ്യ എന്നിവടങ്ങളിലും ഇന്ത്യയില്‍ മിസ്സോറാം,അസ്സം, ത്രിപുര എന്നവിടങ്ങളിലും ഇവയെ ധാരളമായി കണ്ടുവരുന്നുണ്ട്. ബംഗാള്‍,ഒഡിഷ, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ട്. ചെറിയ പാമ്പുകളും എലികളുമൊക്കെയാണ് ഇവയുടെ പ്രധാന ഭക്ഷണം.
Discussion about this post