വയനാട്:പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ഏറ്റുവാങ്ങുന്ന ചിത്രമുപയോഗിച്ച് തനിയ്ക്ക് നേരെ കടുത്ത സൈബര്‍ ആക്രമണമെന്ന് വയനാട് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട ലഘുലേഖ ജില്ലയിലെ ബിജെപി പ്രവര്‍ത്തകര്‍ കളക്ടര്‍ക്ക് ഓഫീസിലെത്തി കൈമാറിയത്. ഇതിന് പിന്നാലെ തന്റെ ചിത്രം രാഷ്ട്രീയം കലര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
പിന്നീടാണ് ഇതേവിഷയത്തില്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നതായി കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചാരണമെന്നും കളക്ടര്‍ പരാതിയില്‍ പറയുന്നു.
വിഷയത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഓഫീസില്‍ തന്നെ കാണാന്‍ വന്ന ബിജെപി പ്രവര്‍ത്തകരില്‍ നിന്നും ജില്ലാ ഭരണാധികാരിയെന്ന നിലയില്‍ ലഘുലേഖ ഏറ്റുവാങ്ങുക മാത്രമാണ് ചെയ്തതെന്ന് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.