കൊച്ചി:കോതമംഗലം ചെറിയ പള്ളി രണ്ടാഴ്ചക്കുള്ളില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് ഹൈക്കോടതി. രണ്ടാഴ്ചക്കകം കോടതി വിധി നടപ്പിലാക്കിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നല്കി.
പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് ആവശ്യമായ പോലീസ് സംരക്ഷണം ഒരുക്കണമെന്നായിരുന്നു കോടതി ഉത്തരവ്. രക്തചൊരിച്ചില്‍ ഒഴിവാക്കാനാണ് ശ്രമമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോതമംഗലം ചെറിയ പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്സ് സഭ വികാരി തോമസ് പോള്‍ റമ്പാന് ആണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ പലതവണ ഓര്‍ത്തഡോക്സ് സഭ അംഗങ്ങള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും യാക്കോബായ സഭാംഗങ്ങള്‍ തടയുകയായിരുന്നു. ഓര്‍ത്തഡോക്സ് സഭ അംഗങ്ങള്‍ പള്ളിയില്‍ പ്രവേശിച്ചാല്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് പോലീസും നിലപാട് എടുത്തു.
ഇതേ തുടര്‍ന്നാണ് സുപ്രീംകോടതി ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് തോമസ് പോള്‍ റമ്പാന് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ആവശ്യമായ പോലീസ് സംരക്ഷണം നല്കാന് കോടതി നേരത്തെ നിര്‍ദേശവും നല്‍കിയിരുന്നു. ഇന്ന് ഹര്‍ജി വീണ്ടും പരിഗണനയ്ക്കെത്തിയപ്പോള്‍ ജില്ലാ കലക്ടര്‍ ഡിജിപിയും ആയി വിഷയം ചര്‍ച്ച ചെയ്തെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ശബരിമല സീസണായതിനാലും സിഎഎ സമരങ്ങള്‍ നടക്കുന്നതിനാലും ആവശ്യത്തിന് പോലിസിനെ വിചാരിച്ച സമയത്ത് ഉപയോഗിക്കാനാവാത്തതാണ് നടപടികള്‍ വൈകുന്നതെന്ന് സ്റ്റേറ്റ് അറ്റോണി അറിയിച്ചു.
എന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഉത്തരവ് നടപ്പാക്കിയില്ലങ്കില്‍ ജില്ലാ കലക്ടറെ വിളിച്ചുവരുത്തും. സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന് ബഞ്ച് സ്റ്റേ ചെയ്യാത്ത കാലം വരെ ഉത്തരവ് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. രണ്ട് കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജില്ലാ കളക്ടറോട് നേരിട്ട് ചോദിച്ചുകൊള്ളാമെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി വീണ്ടും 23ന് പരിഗണിക്കും.
Discussion about this post