കോഴിക്കോട്: കോഴിക്കോട് മുക്കം നഗരസഭ പരിധിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ എന്ന നിലയിലാണ് അവധി പ്രഖ്യാപിച്ചത്. അംഗന്‍വാടി, മദ്രസ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പനി റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും രണ്ടു ദിവസം അവധി പ്രഖ്യാപിച്ചിരുന്നു. തിങ്കളാഴ്ച മാത്രമേ ഇനി സ്‌കൂളുകള്‍ തുറക്കൂവെന്നും അധികൃതര്‍ അറിയിച്ചു. ഹയര്‍സെക്കണ്ടറി സ്‌കൂളിന് വെള്ളിയാഴ്ച വരെ അവധി നല്‍കിയിട്ടുണ്ട്.
കോഴിക്കോട് ആനയാംകുന്ന് മേഖലയില്‍ 210 പേരാണ് ദിവസങ്ങള്‍ക്കുള്ളില്‍ പനിക്ക് ചികിത്സ തേടിയത്. ആനയാംകുന്ന് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 163 കുട്ടികളും 13 അധ്യാപകരും പനിബാധിതരായതോടെയാണ് വിഷയം ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇവരില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്കാണ് എച്ച് വണ്‍ എന്‍ വണ്‍ രോഗം സ്ഥിരീകരിച്ചത്.
എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. അതെസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. രോഗം പടരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണം. ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Discussion about this post