പത്തനംതിട്ട: ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ തുടരുന്ന നിരോധനാജ്ഞയില്‍ ഇളവ്. തീര്‍ത്ഥാടനപാതയുടെ ഭാഗമായ എരുമേലിയില്‍ നിരോധനാജ്ഞ പിന്‍വലിച്ചു. അതേസമയം നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞ അടുത്ത മൂന്ന് ദിവസം കൂടി തുടരും.
നട തുറന്നതു മുതല്‍ പ്രതിഷേധങ്ങളെ മുന്നില്‍ക്കണ്ടായിരുന്നു നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. സംഘര്‍ഷ ഭീതിയും നിയന്ത്രണങ്ങളും ഒഴിഞ്ഞതോടെ ശബരിമലയിലേക്ക് തീര്‍ത്ഥാടകര്‍ എത്തിത്തുടങ്ങി. വൈകിട്ട് ആറ് വരെ മുപ്പത്തിനാലായിരം തീര്‍ത്ഥാടകരെത്തിയതോടെ ഈ സീസണിലെ ഏറ്റവും തിരക്കുള്ള ദിവസമായി മാറി.
പതിവില്‍ നിന്ന് വ്യത്യസ്തമായി പുലര്‍ച്ചെ മുതല്‍ പമ്പയിലും ശരണ പാതകളിലും തീര്‍ഥാടകര്‍ നിറഞ്ഞു. വലിയ നടപ്പന്തലിലടക്കം എവിടെയും ക്യൂ ഉണ്ടായില്ലെങ്കിലും ഒഴിഞ്ഞ് കിടക്കുന്ന പതിനെട്ടാം പടി ഇന്ന് കണ്ടില്ല. ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കൂറിലേറെ മഴ പെയ്തത് മല കയറ്റത്തിന് തടസമായി.
Discussion about this post