തൃശ്ശൂര്‍: സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരണവുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക. സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരിക്കുന്ന കാര്യം മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വ്യക്തമാക്കിയത്.
സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011-ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് സേന വിപുലീകരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്;
സംസ്ഥാന വ്യവസായ സംരക്ഷണ സേന വിപുലീകരണം യാഥാര്‍ത്ഥ്യമാകുന്നു. സേന വിപുലീകരിക്കുന്നതിന് രണ്ടു ഘട്ടങ്ങളിലായി സുരക്ഷാ ഉദ്യോഗസ്ഥരുടെ രണ്ടായിരം തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ആദ്യഘട്ടത്തില്‍ ആയിരം തസ്തികകള്‍ സൃഷ്ടിക്കും. ധനവകുപ്പ് മുന്നോട്ടുവെച്ച നിബന്ധനകള്‍ പ്രകാരമായിരിക്കും തസ്തികകള്‍ സൃഷ്ടിക്കുക.
റിക്രൂട്ട്മെന്റ് (നേരിട്ടുള്ള നിയമനം), പരിശീലനം, വിന്യാസം എന്നിവ സംബന്ധിച്ച കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചു. സംസ്ഥാന പോലീസ് മേധാവി, കേരള പോലീസ് അക്കാദമി ഡയറക്ടര്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും.
സര്‍ക്കാരിനു കീഴിലുള്ള പ്രധാന സ്ഥാപനങ്ങള്‍ക്കും പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ക്കും സുരക്ഷ നല്‍കുന്നതിനാണ് 2011-ല്‍ സംസ്ഥാന വ്യവസായ സംരക്ഷണ സേന രൂപീകരിച്ചത്. കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതിനാണ് സേന വിപുലീകരിക്കുന്നത്. നിലവില്‍ 979 പേരുള്ള സേനയുടെ അംഗബലം മുവായിരമായി ഉയര്‍ത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര വ്യവസായ സംരക്ഷണ സേനയുടെ മാതൃകയിലായിരിക്കും വിപുലീകരണം.