കൊച്ചി; കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ടെന്നും അതിനാല്‍ സ്‌കൂളില്‍ പോകാന്‍ പോലും അവള്‍ക്ക് പേടിയായിരുന്നു എന്നും കണ്ണീരോടെ കൊല്ലപ്പെട്ട ഇവയുടെ അച്ഛന്‍ ആന്റണി പറയുന്നു. കലൂര്‍ സ്വദേശിനിയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ഇവയെ സുഹൃത്ത് സഫര്‍ അലി കാറില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തി വയനാട്ടിലെ തേയിലത്തോട്ടത്തില്‍ മൃതദേഹം ഉപേക്ഷിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ഇവയുടെ കുടുംബം.
‘ഗര്‍ഭസ്ഥ ശിശുവായിരിക്കേ എനിക്ക് കിട്ടുകേലന്ന് ഡോക്ടര്‍മാര്‍ പറഞ്ഞ കുട്ടിയാണ്. കയ്യും കാലുമൊന്നും ഉണ്ടാകില്ലെന്നാണ് പറഞ്ഞത്. അവിടെനിന്ന് ഞാനവളെ 17 വയസുവരെ വളര്‍ത്തിയെടുത്തത് ഇതിനാകുമെന്ന് അറിയില്ലായിരുന്നു’വെന്ന് ആന്റണി പറയുന്നു. എല്ലാ ഇല്ലായ്മയിലും അവളും ചേച്ചിയും ഞങ്ങളും വളരെ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്നും അദ്ദേഹം കണ്ണീരടക്കാനാവാതെ പറഞ്ഞു.
കഴിഞ്ഞ എട്ട് മാസമായി മകള്‍ ഇവയെ സഫര്‍ ശല്യം ചെയ്യുന്നുണ്ട്. കൊല്ലുമെന്ന് പലപ്പോഴും മകളോട് പറഞ്ഞിട്ടുണ്ട് അതിനാല്‍ സ്‌കൂളില്‍ പോകാന്‍ പോലും പേടിയായിരുന്നു. ഒരു തവണ സഫറിനെ കണ്ട് ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നു. ഇനി ശല്യപ്പെടുത്തില്ല എന്ന് ഉറപ്പു നല്‍കിയതാണ്. പിന്നെയും ശല്യപ്പെടുത്തുന്ന വിവരം അറിയില്ലായിരുന്നുവെന്നും താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സാര്‍ അവനോട് സംസാരിച്ചപ്പോള്‍ അവളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ഇവയുടെ അച്ഛന്‍ പറഞ്ഞു.
കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അവള്‍ക്ക് സ്‌കൂളില്‍ പോകാന്‍ പോലും പേടിയായിരുന്നു. കുറേനാളായി താനാണ് മകളെ സ്‌കൂളില്‍ കൊണ്ടാക്കുന്നത്. സ്‌കൂളില്‍ കയറി എന്ന് ഉറപ്പാക്കിയ ശേഷമേ മടങ്ങാറുള്ളൂ. തിരിച്ച് കൂട്ടുകാര്‍ക്കൊപ്പം വരികയാണ് പതിവ്. സ്‌കൂള്‍ കഴിഞ്ഞ് കൂട്ടുകാരിയുടെ ബര്‍ത്ത്‌ഡേ പാര്‍ട്ടിയുണ്ടെന്ന് എന്നോട് പറഞ്ഞിരുന്നു. അതുകൊണ്ടാണ് പതിവു സമയം കഴിഞ്ഞിട്ടും അവള്‍ എത്താതിരുന്നപ്പോള്‍ അന്വേഷിക്കാതിരുന്നതെന്നും വിതുമ്പലോടെ ആന്റണി പറഞ്ഞു.
Discussion about this post