കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ആകെ വേണ്ട സമയം 23 സെക്കന്‍ഡ് മാത്രം. നോക്കി നില്‍ക്കുന്നവര്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാകില്ല. അത്ര വേഗം കെട്ടിടം ഭൂമിയില്‍ പതിക്കും. പൊടി ഉയരുന്നത് മാത്രമായിരിക്കും കാണാന്‍ സാധിക്കുക. കെട്ടിടം തകര്‍ന്നു വീഴുന്നത് കൃത്യമായി മനസ്സിലാക്കാനായി എല്ലാം ഷൂട്ട് ചെയ്യുന്നുണ്ട്. ഇതിനായി എട്ട് ക്യാമറയും നാല് ഡ്രോണും ഉപയോഗിക്കും.
ഗോള്‍ഡന്‍ കായലോരം ആറ് സെക്കന്‍ഡില്‍ നിലംപതിക്കും. ജെയിന്‍ കോറല്‍കോവ് എട്ട് സെക്കന്റിലും ഹോളി ഫെയ്ത്ത് എച്ച്ടുഒ ഒന്‍പത് സെക്കന്‍ഡിലും നിലംപതിക്കും. ഹോളി ഫെയ്ത്ത് എച്ച്ടുഒയും ഗോള്‍ഡന്‍ കായലോരവും ജെയിന്‍ കോറല്‍കോവും സ്ഫോടനത്തിലൂടെ തകര്‍ക്കാനുള്ള ഏല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായെന്ന് കരാര്‍ ഏറ്റെടുത്തിരിക്കുന്ന എഡിഫിസ് എന്‍ജിനീയറിങ്ങിന്റെയും ജെറ്റ് ഡെമോളിഷന്റെയും എന്‍ജിനീയര്‍മാര്‍ പറഞ്ഞു.
ഈ മൂന്നു കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള ചുമതലയാണ് ഈ കമ്പനികള്‍ക്കുള്ളത്. മൂന്ന് കെട്ടിടങ്ങളിലും സ്ഫോടക വസ്തുക്കള്‍ നിറച്ചുകഴിഞ്ഞു. ബുധനാഴ്ച ഉച്ചകഴിഞ്ഞും വ്യാഴാഴ്ചയുമായി അവസാനഘട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കും. ശനിയാഴ്ച രാവിലെ കൃത്യം 11 മണിക്ക് തന്നെ ഹോളി ഫെയ്ത്ത് എച്ച്ടുഒ സ്ഫോടനത്തിലൂടെ തകര്‍ക്കും. പരിസരത്തെ കെട്ടിടങ്ങള്‍ക്കോ കായലിനോ ഭീഷണിയാകാത്ത വിധം കെട്ടിടങ്ങള്‍ തകര്‍ക്കാനാകുമെന്ന ആത്മവിശ്വാസമാണ് എന്‍ജിനീയര്‍മാര്‍ പങ്കുവെച്ചത്.
Discussion about this post