തിരുവനന്തപുരം: ദേശീയ പണിക്കുമുടക്ക് അനുകൂലികൾ ആലപ്പുഴയിൽ നോബേൽ സമ്മാന ജേതാവ് സഞ്ചരിച്ച ബോട്ട് തടഞ്ഞ സംഭവം ഒറ്റപ്പെട്ടതെന്ന് പ്രതികരിച്ച് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംഭവം അപലപനീയമെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണ്. ഇതിൽ അന്വേഷണം നടത്തി കർശ്ശന നടപടി സ്വീകരിക്കും. 1800ലേറെ ഹൗസ് ബോട്ടുകൾ ആലപ്പുഴയിലുണ്ട്. സഞ്ചാരികൾ നേരത്തെ ബുക്ക് ചെയ്ത ബോട്ടുകളെല്ലാം ഇന്ന് സർവീസ് നടത്തിയെന്നാണ് വിവരം. കുമരകത്ത് നിന്ന് വന്ന ബോട്ടാണ് ചിലർ തടഞ്ഞത്. സമീപപ്രദേശത്തെ ചില സമൂഹ്യ വിരുദ്ധരമാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാന സർക്കാരിന്റെ അതിഥിയായിട്ടാണ് മൈക്കിൾ കേരളത്തിലെത്തിയത്. അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മന്ത്രി വിശദമാക്കി.
ടൂറിസം മേഖലയെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്താകമാനം വിനോദസഞ്ചാരികൾക്ക് പോലീസും ജനങ്ങളും എല്ലാവിധ സഹായങ്ങളും നൽകുന്നുണ്ടെന്നും ആലപ്പുഴയിലേത് ഒറ്റപ്പെട്ട സംഭവമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് രാവിലെയാണ് നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റടക്കമുള്ള വിനോദസഞ്ചാരികൾ യാത്രചെയ്തിരുന്ന ഹൗസ് ബോട്ട് സമരാനുകൂലികളിൽ ചിലർ തടഞ്ഞത്. രണ്ട് മണിക്കൂറോളം നേരം തടഞ്ഞുവെച്ചതിനുശേഷം വിട്ടയയ്ക്കുകയായിരുന്നു.
Discussion about this post