ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോഴാണ് ശബ്ദമുയര്‍ത്തേണ്ടത്; ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ ദീപിക പദുക്കോണിനെ അഭിനന്ദിച്ച് ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാ ശാലയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനെ കാണാന്‍ എത്തിയ സിനിമാ താരം ദീപിക പദുക്കോണിനെ അഭിനന്ദിച്ച് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

‘ഇപ്പോഴല്ലെങ്കില്‍ ഇനിയെപ്പോഴാണ് ശബ്ദമുയര്‍ത്തേണ്ടത്… ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സഖാവ് ഐഷിയെ കാണുന്നു.- ശൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ പറഞ്ഞു.

ഇന്ന് വൈകിട്ടാണ് ജെഎന്‍യുവില്‍ ആക്രമണത്തിനിരയായവര്‍ക്ക് പിന്തുണയറിയിച്ച് ദീപിക എത്തിയത്. എന്നാല്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യാതെയാണ് ദീപിക മടങ്ങിയത്. വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെഎന്‍യുവില്‍ എത്തിയതെന്നാണ് വിവരം. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ദീപിക വിദ്യാര്‍ത്ഥി നേതാക്കളില്‍ ചിലരോട് സംസാരിച്ച ശേഷം മടങ്ങി.

കഴിഞ്ഞദിവസം രാത്രി ബോളിവുഡ് താരങ്ങള്‍ ഒന്നടങ്കം ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി തെരുവിലിറങ്ങിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് വൈകുന്നേരത്തോടെ ബോളിവുഡ് താരം ദീപിക പദുകോണ്‍ ജെഎന്‍യു സര്‍വകലാശാലയില്‍ സന്ദര്‍ശനം നടത്തിയത്.

Exit mobile version