കൊച്ചി: പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച പതിനേഴുകാരി അതീവ ഗുരുതരാവസ്ഥയിൽ. എറണാകുളത്ത് ചികിത്സ നടത്താൻ പണമില്ലാത്തതിനാലാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കാക്കനാട് വെച്ച് കുത്തേറ്റ പെൺകുട്ടിയെ ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. കഴുത്ത്, നെഞ്ച്, വയറ് എന്നിവിടങ്ങളിലാണ് കുത്തേറ്റിരിക്കുന്നത്. ആഴത്തിലുള്ള 17ഓളം മുറിവുകളാണ് പെൺകുട്ടിയുടെ ശരീരത്തിലുള്ളത്.
ഈ സാഹചര്യത്തിൽ ചികിത്സിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ആശുപത്രിയിലില്ലെന്ന് അധികൃതർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടർന്ന് എറണാകുളത്തെ മറ്റേതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കോ കോട്ടയം മെഡിക്കൽ കോളേജിലേക്കോ മാറ്റാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
കോട്ടയം വരെ പെൺകുട്ടിയുമായി യാത്ര ചെയ്യുക അപകടരമായതിനാൽ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാര്യ ആശുപത്രിയിലെ ചികിത്സാചെലവ് താങ്ങാനാവില്ലെന്ന് മനസ്സിലാക്കിയതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
Discussion about this post