തൃശ്ശൂര്‍: എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് ഓടിയ യുവാവ് വെള്ളത്തില്‍ വീണ് മുങ്ങി മരിച്ച സംഭവത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരെ അടുത്ത ദിവസം ചോദ്യം ചെയ്യും. അക്ഷയിനെ രക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുകയെന്ന് അന്തിക്കാട് എസ്ഐ അറിയിച്ചു.
തൃശ്ശൂര്‍ കിഴുപ്പുള്ളക്കരയില് കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. പുഴയില്‍ ചാടിയ യുവാവിന് നീന്താനറിയാമെന്ന പ്രദേശവാസിയുടെ വാക്ക് വിശ്വസിച്ചാണ് അക്ഷയിനോട് കയറി പോകാന്‍ പറഞ്ഞ ശേഷംഎക്സൈസ് സംഘം പിന്‍വാങ്ങിയതെന്നും ഇവര്‍ പറയുന്നു.
കൂടാതെ എക്സൈസ് സ്ക്വാഡിലേക്ക് പുതുതായി കൊല്ലത്തു നിന്നുമെത്തിയ ഇന്‍സ്പെക്ടര്‍ക്ക് സ്ഥലപരിചയമില്ലാത്തതും സംഘത്തില്‍ പലര്‍ക്കും നീന്തല്‍ അറിയാത്തതും പ്രശ്നമായെന്നാണ് വിശദീകരണം.
എക്സൈസ് സംഘവും നാട്ടുകാരും നോക്കി നില്‍ക്കെയാണ് യുവാവ് മുങ്ങിമരിച്ചത്. കൂടെ ഉണ്ടായിരുന്നവര്‍ രക്ഷപ്പെട്ടെങ്കിലും വെള്ളത്തില്‍ വീണ അക്ഷയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് വെള്ളത്തില്‍ നിന്നും അക്ഷയ് ഹെല്പ് മീ എന്ന് കരഞ്ഞ് പറഞ്ഞെങ്കിലും എക്സൈസ് സംഘം രക്ഷിക്കാന്‍ തെയാറായില്ല. എന്നാല്‍ സംഘം കയറിവാടാ എന്ന് പറയുന്നതടക്കം ഉള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
അയല്‍വാസിയായ സന്തോഷാണ് വീഡിയോ പകര്‍ത്തിയത്. എന്നാല്‍ അക്ഷയ്ക്ക് നീന്തല്‍ അറിയാമെന്ന് സന്തോഷ് പറയുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. എക്സൈസ് സംഘം പിടിക്കുന്നെങ്കില്‍ പിടിച്ചോട്ടെ എന്ന് കരുതിയാണ് യുവാവിനെ രക്ഷിക്കാതിരുന്നതെന്നും അയല്‍വാസി പറഞ്ഞിരുന്നു.
Discussion about this post