തിരുവനന്തപുരം: ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്ന് വർക്കല എസ്ആർ മെഡിക്കൽ കോളേജിന്റെ അനുമതിപത്രം (എസൻഷ്യാലിറ്റി) സർക്കാർ റദ്ദാക്കി.കോളേജിലെ വിദ്യാർത്ഥികളെ ഏറ്റെടുക്കാനാവില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷൻ മെഡിക്കൽ വിദ്യാഭ്യാസവകുപ്പിനെ അറിയിക്കുകയും ചെയ്തു.
ഇതോടെ 201617 വർഷം ഇവിടെ പ്രവേശനംകിട്ടിയ വിദ്യാർത്ഥികളെ മാറ്റുന്നകാര്യം അനിശ്ചിതത്ത്വത്തിലായി. തുടർചർച്ച എന്നെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മെഡിക്കൽവിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു. പഠനസൗകര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആരോഗ്യമന്ത്രാലയം കോളേജിന്റെ അനുമതിപത്രം റദ്ദാക്കിയത്. ഇതോടെ ഇവിടെയുള്ള വിദ്യാർത്ഥികളെ മറ്റു സ്വാശ്രയ കോളേജുകളിലേക്ക് മാറ്റാൻ ഹൈക്കോടതി നിർദേശിച്ചു.
ഇതിനായി മെഡിക്കൽ വിദ്യാഭ്യാസവകുപ്പാണ് മാനേജ്‌മെന്റുകളുമായി പ്രാഥമികചർച്ച നടത്തിയത്. വിദ്യാർത്ഥികളെ ഏറ്റെടുക്കാൻ പികെ ദാസ്, ഡിഎം വയനാട് എന്നീ കോളേജുകൾ സന്നദ്ധമായെങ്കിലും മാനേജ്‌മെന്റ് അസോസിയേഷൻ എതിർത്തു. കുട്ടികളെ ഏറ്റെടുക്കേണ്ടെന്നും എസ്ആർ മെഡിക്കൽകോളേജിന് കൂടുതൽ സൗകര്യങ്ങളൊരുക്കാൻ അവസരം നൽകണമെന്നുമാണ് അസോസിയേഷന്റെ നിലപാട്. ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്‌മെന്റ് ഫെഡറേഷനും വിദ്യാർത്ഥികളെ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി.
Discussion about this post