തിരുവനന്തപുരം: രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി
സ്കൂള്‍- കോളജ് അസംബ്ലികളില്‍ ഭരണഘടനയുടെ ആമുഖം വായിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
കോളജ് വിദ്യാര്‍ത്ഥി യൂണിയനുകളില്‍ 50 ശതമാനം വനിതാ സംവരണം പരിഗണിക്കും. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും ക്യാമ്പസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നിയമ നിര്‍മാണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് ഫാറൂഖ് കോളേജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാരിസ്ഥിതിക വിഷയങ്ങള്‍, ജലസംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം, നൂതന കൃഷി രീതികള്‍, ദുരന്ത നിവാരണം തുടങ്ങിയ വിഷയങ്ങള്‍ക്ക് പാഠ്യപദ്ധതികളില്‍ സ്കൂള്‍ തലം മുതല്‍ മതിയായ പ്രാധാന്യം നല്‍കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ക്ലേവില്‍ കണ്ണൂര്‍, കോഴിക്കോട്, കാര്‍ഷിക, വെറ്റിനറി, മലയാളം, സംസ്കൃതം, കേരള കലാമണ്ഡലം സര്‍വകലാശാലകളിലെ യൂണിയന് പ്രതിനിധികളും അവയുടെ കീഴില്‍ വരുന്ന സ്വാശ്രയ കോളേജുകള്‍ ഉള്‍പ്പെടെയുളള എല്ലാ അഫിലിയേറ്റഡ് കോളജുകളിലേയും യൂണിയന് ചെയര്മാന്മാരും ജനറല്‍ സെക്രട്ടറിമാരും ഉള്‍പ്പെടെ നൂറോളം പേര് പങ്കെടുത്തു.