കൊച്ചി: ജെഎന്‍യുവിലെ ക്രൂര അക്രമങ്ങളെ അപലപിച്ച് നടന്‍ പൃഥ്വിരാജ് രംഗത്ത്.
വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളുടെ കൊലപാതകമാണെന്ന്
പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
‘അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കേന്ദ്രങ്ങളായ സര്‍വകലാശാലകളില്‍ കയറിച്ചെന്ന്, ക്രമസമാധാന നിയമങ്ങള്‍ക്ക് യാതൊരു വിലയും കല്‍പിക്കാതെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം അഴിച്ചുവിടുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊന്നൊടുക്കലാണ്. ഇത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്, അതിന് ഏറ്റവും കടുത്ത ശിക്ഷ നല്‍കണം.’ പൃഥ്വിരാജ് പോസ്റ്റില്‍ പറയുന്നു.
ഏത് പ്രത്യശാസ്ത്രത്തിന്റെ പേരിലായാലും, എന്ത് കാരണങ്ങള്‍ക്ക് വേണ്ടിയായാലും, ലക്ഷ്യമെന്തായാലും അക്രമം ഒന്നിനും പരിഹാരമാവില്ലെന്നും അദ്ദേഹം പറയുന്നു. അഹിംസയിലൂടെയും നിസ്സഹകരണത്തിലൂടെയും സ്വാതന്ത്ര്യം നേടിയ ഒരു രാജ്യത്തില്‍ വിപ്ലവം എന്നാല്‍ അക്രമവും നിയമങ്ങളില്ലാത്ത അവസ്ഥയുമായി പോകുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറയുന്നു. അക്രമത്തെ അംഗീകരിക്കുന്ന ഏത് തരത്തിലുള്ള പ്രതിഷേധവും ഒരുപോലെ അപലപനീയമാണ്. ജയ് ഹിന്ദ്. പൃഥ്വി കുറിച്ചു.
നേരത്തെ ജെഎന്‍യു വിഷയത്തില്‍ നിവിന്‍ പോളി, മഞ്ജു വാര്യര്‍, ആഷിക് അബു തുടങ്ങിയവരും നിലപാട് വ്യക്തമാക്കിയിരുന്നു.
Discussion about this post