കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം വായിച്ചു കേള്‍ക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരായി. കേസിന്റെ വിചാരണ ഈ മാസം 29 ന് ആരംഭിക്കും. ആറു മാസത്തിനകം ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. ഈ സാഹചര്യത്തിലാണ് നടപടികള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി പ്രതികളോട് ഇന്നു തന്നെ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടത്.
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്. നേരത്തേ കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് കാണിച്ച് നടന് ദിലീപ് സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. കേസില്‍ ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്നും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഹണി വര്‍ഗീസ് വ്യക്തമാക്കിയത്. ഇതിനെതിരെ ആവശ്യമെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുന്നതിന് ദിലീപിന് തടസമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്തു ദിവസത്തെ സമയം നല്‍കണമെന്നും തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നുമുള്ള ദിലീപിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടില്ല.
നിലവില്‍ ഈ കേസില്‍ പത്ത് പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പള്‍സര്‍ സുനി, മാര്ട്ടിന് ആന്റണി, മണികണ്ഠന്, വിജേഷ്, സലിം, പ്രദീപ്, ചാര്‍ളി തോമസ്, നടന് ദിലീപ്, സനല്‍കുമാര്‍, വിഷ്ണു എന്നിവരാണ് പ്രതികള്‍
Discussion about this post