കൂലിപ്പണിയെടുത്തും മീന്‍പിടിച്ചും കഷ്ടപ്പെട്ട് ബൈക്ക് വാങ്ങി; സുഹൃത്തിന് ടെസ്റ്റ് ഡ്രൈവിന് കൊടുത്തു; യുവാവിന് കിട്ടിയത് എട്ടിന്റെ പണി

തൃശൂര്‍: കൂലിപ്പണിയെടുത്തും വായ്പയെടുത്തും ഒരുപാട് കഷ്ടപ്പെട്ടാണ് കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവ് സ്വന്തമായി ഒരു ബൈക്ക് വാങ്ങിയത്. സ്വന്തം ബൈക്ക് എന്നത് യുവാവിന്റെ ഏറെക്കാലത്തെ സ്വപ്‌നം കൂടിയായിരുന്നു. എന്നാല്‍ പുത്തന്‍ ബൈക്ക് ഓടിക്കാനായി ചോദിച്ച സുഹൃത്ത് യുവാവിന് നല്‍കിയത് എട്ടിന്റെ പണിയായിരുന്നു.

യുവാവ് പുതിയ ബൈക്ക് വാങ്ങിയതിന് പിന്നാലെ ഇത് കാണാനായി എത്തിയതായിരുന്നു സുഹൃത്ത്. ബൈക്ക് കണ്ടപ്പോള്‍ സുഹൃത്ത് ഓടിച്ചുനോക്കാന്‍ ചോദിച്ചു. ബൈക്ക് കയ്യില്‍കിട്ടിയപ്പോള്‍ ഒരു ട്രിപ്പ് പോയിവരാമെന്നു വിളിച്ചു പറഞ്ഞ് ഇയാള്‍ മറ്റൊരാളെയും കൂട്ടി അവിടെ നിന്നും സ്ഥലം വിട്ടു.

സുഹൃത്തിന്റെ പെരുമാറ്റത്തില്‍ യുവാവിന് സംശയമൊന്നും തോന്നിയുമില്ല. എന്നാല്‍ ബൈക്കുമായി പോയവര്‍ കഞ്ചാവ് കടത്തുകയായിരുന്നു ലക്ഷ്യം. പൊള്ളാച്ചിയിലെത്തി കഞ്ചാവുമായി തിരിച്ചുവരും വഴി ഇവര്‍ ഗോവിന്ദാപുരത്ത് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായി.

ഇതോടെ ‘ഫോര്‍ റജിസ്‌ട്രേഷന്‍ ‘ സ്റ്റിക്കര്‍ പതിപ്പിച്ച ബൈക്ക് എക്‌സൈസ് തൊണ്ടിയാക്കി കസ്റ്റഡിയിലെടുത്തു. ഒരു ലക്ഷത്തിലേറെ വിലയുളള ബൈക്ക് ഇപ്പോള്‍ എക്‌സൈസ് ഗോഡൗണില്‍ പൊടിപിടിച്ചു കിടക്കുകയാണ്. ഇനി കേസ് പൂര്‍ത്തിയായാലും ഉടമയ്ക്കു ബൈക്ക് കിട്ടാന്‍ സാധ്യതയില്ലെന്നാണ് വിവരം.

Exit mobile version