പനമരം: ജലഅതോറിറ്റി സ്ഥാപിച്ച പൊതു ടാപ്പുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചതിനാല്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് കൊല്ലിവയല്‍ നാലു സെന്റ് അംബേദ്കര്‍ ആദിവാസി കോളനിവാസികള്‍. പൊട്ടിയ പൈപ്പുകള്‍ അധികൃതരോട് നന്നാക്കാന്‍ അപേക്ഷിച്ചെങ്കിലും അവര്‍ തയ്യാറാവാതെ വന്നതോടെ ചളിവെള്ളം കുടിച്ച് ദാഹം അകറ്റേണ്ട സ്ഥിതിയിലായിരിക്കുകയാണ് ഇവര്‍.
രണ്ട് പൊതുകിണറുകളാണ് കോളനിയിലുള്ളത്. ഇവയില്‍ ഒന്ന് മാലിന്യം കലര്‍ന്ന് തീര്‍ത്തും ഉപയോഗ ശൂന്യമാണ്. ഒന്നിലാണെങ്കില്‍ രണ്ട് റിങ് വെള്ളം മാത്രമാണുള്ളത്. വെള്ളം പമ്പ് ചെയ്താല്‍ പൊട്ടിയ പൈപ്പിനടിയില്‍നിന്ന് വെള്ളം റോഡിലേക്ക് ഒഴുകും. ജല അതോറിറ്റി പമ്പ് ചെയ്യുന്ന വെള്ളമാണ് കുടിവെള്ളത്തിന് ഏക ആശ്രയം. ഇതിനായി മൂന്ന് പൊതുടാപ്പുകള്‍ കോളനിയില്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ മദ്യപിച്ചെത്തുന്ന ചിലര്‍ പൈപ്പ് പൊട്ടിക്കുന്നത് പതിവായി. സംഭവത്തില്‍ പോലീസിന് പരാതി നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് കോളനിവാസികള്‍ പറയുന്നു. 48 കുടുംബങ്ങളില്‍ നിന്നായി 150 ലേറെ പേരാണ് ഇവിടെ താമസിക്കുന്നത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഇവര്‍ പൈപ്പില്‍ നിന്നും പൊട്ടി ഒഴുകുന്ന വെള്ളം പാത്രത്തില്‍ കോരി എടുത്താണ് ഉപയോഗിക്കുന്നത്.
Discussion about this post