കൊച്ചി: തീരദേശപരിപാലനിയമം ലംഘിച്ച് പണിത മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള സ്‌ഫോടക വിദഗ്ധര്‍ സ്ഥലത്തെത്തി. ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്‌ളാറ്റാണ് സ്‌ഫോടനത്തിലൂടെ ആദ്യമായി തകര്‍ക്കുക. ഇതിന് മുന്നോടിയായി ഇന്ന് രാവിലെ മുതല്‍ ഫ്‌ളാറ്റില്‍ സ്‌ഫോടകവസ്തുക്കള്‍ നിറച്ചു തുടങ്ങി. അങ്കമാലിയില്‍ നിന്ന് പോലീസിന്റെ അകമ്പടിയോടെ അതീവസുരക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ എത്തിയത്.
ദക്ഷിണാഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷനുമായി പങ്കാളിത്തമുള്ള മുംബൈ ആസ്ഥാനമായ എഡിഫിസ് എന്‍ജിനീയറിങ്ങാണ് ഹോളിഫെയ്ത്ത് എച്ച്ടുഒയില്‍ സ്‌ഫോടനം നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടുകൂടിയാണ് സ്‌ഫോടക വിദഗ്ധര്‍ മരടിലെ ഹോളിഫെയ്ത്ത് എച്ച്ടുഒയില്‍ എത്തിയത്. പോലീസിന്റെ അകമ്പടിയോടെ സ്‌ഫോടക വസ്തുക്കളും ഏഴരയോടുകൂടി എത്തി.
സ്‌ഫോടനത്തിനുള്ള അനുമതി വെള്ളിയാഴ്ച വൈകീട്ട് പെട്രോളിയം ആന്‍ഡ് എക്‌സ്‌പ്ലോസീവ്‌സ് സേഫ്റ്റി ഓര്ഗനൈസേഷന്‍ (പെസോ) െഡപ്യൂട്ടി ചീഫ് കണ്ട്രോളര്‍ ഡോ ആര്‍ വേണുഗോപാല്‍ അറിയിച്ചതിനെത്തുടര്‍ന്നാണിത്. ഫ്‌ളാറ്റില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കല്‍ ജോലി രണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.
ഏകദേശം 200 കിലോയ്ക്കു മുകളില്‍ സ്‌ഫോടക വസ്തുക്കള്‍ കെട്ടിടം തകര്‍ക്കാന്‍ വേണ്ടിവരുമെന്നാണ് അനുമാനം. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമല്‍ഷന്‍ സ്‌ഫോടകവസ്തുക്കളാണ് സ്‌ഫോടനത്തിന് ഉപയോഗിക്കുന്നത്.സ്‌ഫോടകവസ്തു നിറച്ചു തുടങ്ങുന്നതോടെ ഫ്‌ളാറ്റ് പരിസരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും.
എന്നാല്‍ പരിസരവാസികള്‍ ഭയപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒഴിപ്പിക്കല്‍ മുതലായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ശനിയാഴ്ച വൈകീട്ട് ഏഴിന് യോഗം വിളിച്ചിട്ടുണ്ട്. 200 മീറ്റര്‍ പരിധിയിലുള്ളവരെ ഒഴിപ്പിക്കുമ്പോള്‍ ആല്ഫ, ഹോളിഫെയ്ത്ത് ഫ്‌ളാറ്റുകളുടെ സമീപത്തുള്ള ഹോട്ടലിന്റെ പിന്‍ഭാഗവും ഒഴിപ്പിക്കേണ്ടി വരുമെന്ന് ഫോര്‍ട്ട്‌കൊച്ചി സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു.
ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ പരിധിയില്‍ ഡ്രോണുകള്‍ അനുവദിക്കില്ല. ഉപയോഗിച്ചാല്‍ നടപടിയുണ്ടാകും. ഫ്‌ളാറ്റിന്റെ കോമ്പൗണ്ടിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല. ജോലിക്കാരും ഇതിനുള്ളില്‍ മൊബൈല്‍ ഉപയോഗിക്കാന്‍ പാടില്ല. സ്‌ഫോടനം കാണാന്‍ ആളുകളെ നിശ്ചിത ദൂരപരിധിയിലെ നിര്‍ത്തൂ.
Discussion about this post