പ്രസംഗത്തിൽ ചിലരെ വിട്ടുകളഞ്ഞത് എന്തോ അപരാധമാണെന്ന മട്ടിലാണ് ചിലരുടെ പ്രചാരണം; ഔചിത്യം മനസിലാക്കാനുള്ള വിവേകം വേണമെന്ന് സിപിഐയോട് മുഖ്യമന്ത്രി

കണ്ണൂർ: ഭൂപരിഷ്‌കരണത്തിന്റെ അമ്പതാം വാർഷികത്തിൽ നടത്തിയ പ്രസംഗത്തിൽ മുൻമുഖ്യമന്ത്രി സി അച്യുത മേനോനെ പരാമർശിക്കാത്ത സംഭവത്തിൽ വിമർശിച്ച സിപിഐയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമുണ്ടാക്കുന്നതിന് മുമ്പ് ഔചിത്യ ബോധം മനസിലാക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ പ്രസംഗത്തിൽ ചിലരെ വിട്ടുകളഞ്ഞു എന്നത് ശരിയാണ്. താൻ എന്തോ അപരാധം ചെയ്‌തെന്ന മട്ടിലാണ് പ്രചാരണമെന്ന് കണ്ണൂരിൽ അഖിലേന്ത്യ കർഷകതൊഴിലാളി യൂണിയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പറഞ്ഞു.

ആ യോഗത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് വലിയ തോതിൽ പറഞ്ഞില്ല. കാരണം അതൊരു ഔദ്യോഗിക പരിപാടിയായിരുന്നു. എല്ലാവരും പങ്കെടുത്ത പരിപാടി. ഇഎംഎസും ഗൗരിവയമ്മയും എല്ലാം എന്റെ സംഭാഷണത്തിൽ കടന്നുവന്നു. അതെന്റെ ഔചിത്യബോധം. ഇപ്പോൾ ഇരിക്കുന്ന സ്ഥാനത്തിരുന്നുകൊണ്ട് മറ്റൊരാൾക്ക് മുറിവേൽക്കുന്ന തരത്തിൽ സംസാരിക്കണ്ട എന്ന് കരുതിയാണ്. അത് മനസ്സിലാക്കണമെങ്കിൽ അതിനുള്ള വിവേകം ഇത് പ്രചരിപ്പിച്ചവർക്ക് ഉണ്ടാകണമായിരുന്നു. അതില്ലെങ്കിൽ പരിതപിച്ചിട്ടേ കാര്യമുള്ളു. പ്രസംഗത്തിൽ ചിലരെ വിട്ടുകളഞ്ഞത് ശരി തന്നെ, എന്നാൽ പ്രസംഗിച്ചത് തന്റെ ഔചിത്യ ബോധം അനുസരിച്ചാണെന്നും അത് മനസ്സിലാക്കാനുള്ള വിവേകം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്തായിരുന്നു നമ്മുടെ നാട്, എങ്ങനെയാണ് ഇന്ന് കാണുന്ന, നമുക്കെല്ലാം അഭിമാനിക്കാൻ പറ്റുന്ന തരത്തിലായി അത് മാറിയത്, ആ ചരിത്രം സാവകാശം ഇരുന്ന് വായിച്ചു പഠിച്ചു മനസ്സിലാക്കിയാൽ അത്തരമൊരു ആക്ഷേപം ഉന്നയിക്കാനേ കഴിയില്ലെന്നു മുഖ്യമന്ത്രി കൂട്ടിചേർത്തു.

പിന്നെ, മറ്റു ചിലരെ ഞാൻ വിട്ടുകളഞ്ഞു എന്നാണ്. അതും ശരിയാണ്. അവരെ പേര് പറഞ്ഞ് ആക്ഷേപിക്കാൻ നിന്നില്ല. 1959ൽ ഇഎംഎസ് സർക്കാരാണ് കാർഷികബദ്ധ ബില്ല് പാസാക്കിയത്. അടുത്ത നാളുകളിൽ ആ സർക്കാരിനെ പിരിച്ചുവിട്ട തീയതിയും മാസവും വർഷവും എല്ലാം ഞാൻ പറഞ്ഞു. അതിന് ശേഷം ഇവിടെ ഗവൺമെന്റുകളുണ്ടായി. 1967ന് മുമ്പുള്ള ഗവൺമെന്റുകളിൽ അന്നത്തെ കാർഷികബദ്ധബില്ല് തകർക്കുന്നവർക്ക് നേതൃത്വം കൊടുത്തുവരുടെ ചരിത്രത്തിലേക്ക് ആളുകളുടെ പേരെടുത്ത് പറഞ്ഞ് ഞാൻ പോയില്ല, പിണറായി കൂട്ടിച്ചേർത്തു.

ഭൂപരിഷ്‌കരണത്തിന്റെ സുവർണ ജൂബിലി ചടങ്ങിൽ അച്യുത മേനോന്റെ പേര് മുഖ്യമന്ത്രി പരാമർശിക്കാതിരുന്നത് മനപൂർവമാണെന്ന് സിപിഐ മുഖപത്രം നേരത്തെ വിമർശിച്ചിരുന്നു.

Exit mobile version