ശബരിമലയെ സാധാരണ നിലയിലാക്കാന്‍ എല്ലാവരും സഹകരിക്കണം; ഹൈക്കോടതി

ഇക്കാര്യത്തില്‍ ശബരിമലയിലെ നിന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു.

കൊച്ചി: ശബരിമലയില്‍ സാധാരണനില കൈവരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ ശബരിമലയിലെ നിന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിച്ചവര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നു കോടതി പറഞ്ഞു. ഇതിനായി എല്ലാവരും സഹകരിക്കണമെന്നും ആരും നിയമം കൈയിലെടുക്കരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ എത്തുന്ന ചിലര്‍ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും കോടതി നിരീക്ഷിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇനി തിങ്കളാഴ്ച പരിഗണിക്കും.

ശബരിമലയില്‍ പോലീസ് പ്രകോപനങ്ങളുണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. യഥാര്‍ഥ ഭക്തരെ ബുദ്ധിമുട്ടിക്കില്ലെന്നും എന്നാല്‍ നടപ്പന്തല്‍ പ്രതിഷേധക്കാരുടെ താവളമാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. ചിത്തിര ആട്ടവിശേഷത്തിന് പ്രശ്നങ്ങളുണ്ടാക്കിയവര്‍ മണ്ഡലകാലത്ത് വീണ്ടും എത്തിയെന്നും കോടതിയെ അറിയിച്ചു. ഇത് തെളിയിക്കുന്നതിനാവശ്യമായ സിസിടിവി ദൃശ്യങ്ങളും മാധ്യമ റിപ്പോര്‍ട്ടുകളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

ശബരിമലയിലെ പോലീസ് നടപടികള്‍, നിയന്ത്രണങ്ങള്‍ എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പോലീസിനോടും സര്‍ക്കാരിനോടും
ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കാരും ദേവസ്വംബോര്‍ഡും സത്യവാങ്മൂലങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ സത്യവാങ്മൂലങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് കോടതി ഈ നിരീക്ഷണങ്ങള്‍ നടത്തിയത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഇനി തിങ്കളാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Exit mobile version