തിരുവനന്തപുരം: പോലീസ് സ്‌റ്റേഷന്റെ ചുമതല സിഐമാർക്ക് നൽകുകൊണ്ടുള്ള പരിഷ്‌കാരം വേണ്ടത്ര ഫലം കാണാത്തതിനാൽ സിഐയുടെയും എസ്‌ഐമാരുടെയും അധികാരങ്ങൾ പുനർനിശ്ചയിക്കാൻ പോലീസ് തലപ്പത്ത് ആലോചന. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ചുമതലയുള്ള മുഴുവൻ ഉദ്യോഗസ്ഥരുടെയും യോഗം ഡിജിപി വിളിച്ചു. നാളെ തൃശ്ശൂർ പോലീസ് അക്കാദമിയിലാണ് യോഗം.
അടുത്ത കാലത്തായി പോലീസിൽ നടത്തിയ ഏറ്റവും പ്രധാന പരിഷ്‌കാരങ്ങളിലൊന്നായിരുന്നു സ്റ്റേഷനുകളുടെ ചുമതലമാറ്റം. എസ്‌ഐമാരിൽ നിന്ന് ചുമതല സിഐമാർക്ക് നൽകുകയായിരുന്നു. സംസ്ഥാനത്തെ അറുപത് ശതമാനം പോലീസ് സ്റ്റേഷനുകളിലും കഴിഞ്ഞവർഷം പരിഷ്‌കാരം നടപ്പാക്കുകയും ചെയ്തു. എന്നാൽ പ്രതീക്ഷിച്ച ഫലം ഈ മാറ്റംകൊണ്ട് ലഭിക്കുന്നില്ലെന്നാണ് സേനയിൽ നിന്നു തന്നെ പരാതി ഉയർന്നിരിക്കുന്നത്.
അധികാരം കുറഞ്ഞതോടെ പല എസ്‌ഐമാരും മടിയന്മാരായി. ക്രമസമാധാനപാലനം മുതൽ കുറ്റാന്വേഷണം വരെ മുഴുവൻ ജോലിയും സിഐമാരുടെ മാത്രം ഉത്തരവാദിത്വമായി. സിഐമാരില്ലാത്ത സമയത്ത് സ്റ്റേഷനിൽ ലഭിക്കുന്ന പല പരാതികളും സ്വീകരിക്കാൻ പോലും മണിക്കൂറുകളുടെ കാലതാമസമെടുക്കുന്നതായും പരാതി ഉയർന്നു. ഇവയെല്ലാം പരാതിയായി ഉയർന്നതോടെയാണ് ഡിജിപി സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.
സ്റ്റേഷനുകളുടെ അടിസ്ഥാനസൗകര്യവികസനമാണ് അജണ്ടയെങ്കിലും പരിഷ്‌കാരം കാര്യക്ഷമമാക്കാനുള്ള നടപടികൾ ചർച്ചചെയ്യും. സിഐമാരുടെ ചുമതല നിലനിർത്തിക്കൊണ്ട് തന്നെ പല അധികാരങ്ങളും എസ്‌ഐമാർക്ക് തിരികെ നൽകാനാണ് ആലോചന.
Discussion about this post