മലപ്പുറം: ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെ അധിക ബാധ്യതകളെ തുടര്‍ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തലാക്കുന്നു. ബസുകളുടെ പെര്‍മിറ്റ് തിരിച്ച് ഏല്‍പ്പിച്ചാണ് സര്‍വീസ് വ്യാപകമായി നിര്‍ത്തലാക്കുന്നത്.
വിലവര്‍ധനയ്ക്ക് പുറമേ ഡീസലിന്റെ ഗുണനിലവാരവും കുറഞ്ഞു. ഇതോടെ 10 മുതല്‍ 15 ശതമാനം വരെ അധിക ബാധ്യതയാകുന്നതായി ബസുടമകള്‍ പറയുന്നു. ഇന്‍ഷുറന്‍സ്, ടയര്‍ തേയ്മാനം, സ്പെയര്‍ പാര്‍ട്സ് എന്നിവയിലുണ്ടായ വര്‍ധനവും ബസ് വ്യവസായത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന് ബസ് ഉടമകള്‍ പറയുന്നു.
അതേസമയം, പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കാതെ മുന്നോട്ട് പോകാനാവില്ലെന്നും, പ്രതിസന്ധി മറികടക്കാന്‍ ചാര്‍ജ് വര്‍ധനവ്, വിദ്യാര്‍ത്ഥികളുടെ കണ്സെഷന് പരിഷ്ക്കരണം, ജിഎസ്ടി ഇളവ് എന്നീ മാര്‍ഗങ്ങളാണ് ബസുടമകള്‍ മുന്നോട്ട് വെക്കുന്നത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 22 മുതല്‍ സംസ്ഥാനത്ത് നടത്താനിരുന്ന സ്വകാര്യബസ് സമരം ബസ് ഉടമയുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രന് നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. മിനിമം നിരക്ക് പത്ത് രൂപയാക്കുക, മിനിമം നിരക്കില്‍ സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററാക്കി കുറയ്ക്കുക, വിദ്യാര്‍ത്ഥികളുടെ മിനിമം നിരക്ക് അഞ്ച് രൂപയാക്കുക തുടങ്ങിയവയാണ് സ്വകാര്യ ബസുടമകള്‍ ആവശ്യപ്പെടുന്നത്.
Discussion about this post