തിരുവനന്തപുരം: ശബരിമലയില്‍ 144 അനുസരിച്ചുള്ള നിരോധനാജ്ഞ പിന്‍വലിക്കാത്തത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയൊക്കെയായിട്ടും തെറ്റുതിരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല എന്നതിന്റെ തെളിവാണിത്. കോടതി ഉള്‍പ്പെടെ ആരു പറഞ്ഞാലും കേള്‍ക്കില്ല എന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ഠ്യമാണ് ഇവിടെ തെളിയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും വന്‍തോതില്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തത് ഭയത്തിന്റെ അന്തരീക്ഷമാണ് അവിടെ സൃഷ്ടിച്ചത്. ഇത് വളരെ മോശമായ സന്ദേശമാണ് മറ്റ് സംസ്ഥാനങ്ങളിലെ അയ്യപ്പ ഭക്തര്‍ക്ക് നല്‍കുന്നത്. ഭക്തജനങ്ങളുടെ തിരക്ക് കുത്തനെ കുറഞ്ഞത് ഇത് കാരണമാണ്. ദൂരദേശങ്ങളില്‍ നിന്നുള്ള അയ്യപ്പ ഭക്തര്‍ പോലും ദര്‍ശനമുപേക്ഷിച്ച് മടങ്ങുകയാണ്. തീര്‍ത്ഥാടനത്തിന്റെ പവിത്രതയ്ക്ക് സര്‍ക്കാരിന്റെ നടപടികള്‍ കളങ്കമുണ്ടാക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമലയെയും തീര്‍ത്ഥാടനത്തെയും ദുര്‍ബലപ്പെടുത്തുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ശബരിമലയില്‍ കുഴപ്പമുണ്ടാക്കാന്‍ എത്തുന്നവരെ നിലയ്ക്ക് നിര്‍ത്തണം. പക്ഷേ, അതിന്റെ പേരില്‍ യഥാര്‍ത്ഥ ഭക്തര്‍ക്ക് ദുരിതമുണ്ടാക്കുന്നത് ശരിയല്ല. ഇനിയെങ്കിലും മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് യാഥാര്‍ത്ഥ്യങ്ങള്‍ കണ്ണുതുറന്ന് കാണാന്‍ തയ്യാറാവണമെന്നും നിരോധനാജ്ഞയും മറ്റു നിയന്ത്രണങ്ങളും പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Discussion about this post