കോഴിക്കോട്: മലബാറിലെ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആധുനിക ത്രിതല കാന്‍സര്‍ സെന്റര്‍ ശനിയാഴ്ച മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും. ആധുനിക സൗകര്യത്തോട് കൂടി സജ്ജീകരിച്ചിരിക്കുന്ന ത്രിതല കാന്‍സര്‍ സെന്ററും ലക്ചര്‍ കോംപ്ലക്സുമാണ് ശനിയാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നത്.
അര്‍ബുദരോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുന്നതിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തികസഹായത്തോടെ 44.6 കോടി രൂപ ചെലവിലാണ് ത്രിതല കാന്‍സര്‍ സെന്റര്‍ പണിതത്. മെഡിക്കല്‍ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി വിഭാഗങ്ങള്‍ ഒരുമിച്ച് ഒരേസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നതിലൂടെ മെഡിക്കല്‍ കോളേജിനെ ആശ്രയിക്കുന്ന മലബാറിലെ രോഗികകള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാവുമെന്ന് എംകെ രാഘവന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
തലസ്ഥാനത്തെ ആര്‍സിസി യോട് കിടപിടിക്കുന്ന സൗകര്യങ്ങളോട് കൂടിയാണ് മെഡിക്കല്‍ കോളേജിലെ ഏഴ് നിലയിലുള്ള കാന്‍സര്‍ സെന്റര്‍. ഇതില്‍ മൂന്ന് നിലയാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. മജ്ജ മാറ്റിവെക്കലൊഴികെ എല്ലാ ചികിത്സകള്‍ക്കും ഇവിടെ സൗകര്യമുണ്ടാകും. ഡിസംബര്‍ ആദ്യവാരത്തോടെയാണ് കിടത്തിച്ചികിത്സ തുടങ്ങുക.
നിലവില്‍ കാന്‍സര്‍ ഒപി, ഡേ കെയര്‍ കീമോതെറാപ്പിയുമാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. ഉദ്ഘാടന ശേഷം റേഡിയോ തെറാപ്പി, സര്‍ജിക്കല്‍ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, പീഡിയാട്രിക് ഓങ്കോളജി, ഗെനക് ഓങ്കോളജി തുടങ്ങിയ സേവനങ്ങളെല്ലാം ഈ കെട്ടിടത്തില്‍ പടിപടിയായി ഉണ്ടാവുമെന്ന് എംകെ രാഘവന്‍ എംപി ചൂണ്ടിക്കാട്ടി. കാന്‍സര്‍ ചികിത്സയ്ക്കായി 80,000 രോഗികളാണ് പ്രതിവര്‍ഷം ഒപിയില്‍ എത്തുന്നുവെന്നാണ് കണക്ക്. ഓരോ വര്‍ഷവും പുതിയ 5000 രോഗികള്‍ എത്തുന്നു.
40 വര്‍ഷം പഴക്കമുള്ള നിലവിലെ ഒപി 1500 ചതുരശ്രയടി മാത്രമായിരുന്നതിനാല്‍ രോഗികള്‍ വലിയ പ്രയാസം അനുഭവിച്ചിരുന്നു. ഈ പ്രയാസത്തിനാണ് ഇപ്പോള്‍ മാറ്റമുണ്ടാവാന്‍ പോവുന്നത്. ശനിയാഴ്ചത്തെ ഉദ്ഘാടന ചടങ്ങിന് ശേഷം എ.കെ ആന്റണി, വയലാര്‍ രവി, എംകെ രാഘവന്‍ എംപി തുടങ്ങി മൂന്ന് എംപി മാരുടെ ഫണ്ട് ഉപയോഗിച്ചുള്ള 22 അത്യന്താധുനിക ഹീമോ ഡയാലിസ് യന്ത്രങ്ങള്‍ സ്ഥാപിക്കലിന്റെ ഉദ്ഘാടനം 26-ന് നടക്കുമെന്നും എംപി അറിയിച്ചു. മുന്‍ മുഖ്യമന്ത്രി എംകെ ആന്റണിയാണ് 26-ാം തീയതി രാവിലെ 11 മണിക്ക് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കാന്‍സര്‍ സെന്ററിന്റെ മൂന്ന് നിലയാണ് ഇപ്പോള്‍ പൂര്‍ത്തിയാതെങ്കിലും ബാക്കിയുള്ള ഭാഗത്തിന്റെ പൂര്‍ത്തീകരണത്തിനായി വിവിധ ഏജന്‍സികളുമായി ചര്‍ച്ച ചെയ്ത് വരികയാണെന്നും ഉടന്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post