കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം പരിധിയിലെ ബേഗൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിനിലാണ് കുരങ്ങുപനി
സ്ഥിരീകരിച്ചത്.
ഡിസംബര്‍ 26-ന് കുരങ്ങുപനിയുടെ ലക്ഷണങ്ങളോടെ ഒരു യുവതിയെ മാനന്തവാടിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് സാമ്പില്‍ ശേഖരിച്ച് മണിപ്പാല്‍ വൈറോളജി ലാബില്‍ പരിശോധനക്ക് അയച്ചു. 31-ന വന്ന റിസല്‍റ്റില്‍ രോഗം രോഗം സ്ഥിരീകരിക്കുകയും ചെയ്തു.
യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ താമസസ്ഥലത്തിന് സമീപത്ത് കുരങ്ങിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലയില്‍ കുരങ്ങുപനിക്കെതിരെയുള്ള വാക്‌സിന്‍ ലഭ്യമാണെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍
വിറയലോടുകൂടിയ പനി, തലവേദന, വയറിളക്കം, ഛര്‍ദി, കഴുത്തുവേദന, കണ്ണിന് ചുവപ്പുനിറം തുടങ്ങിയവയാണ് കുരങ്ങുപനിയുടെ ലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ള എല്ലാവര്‍ക്കും കുരങ്ങുപനി ഉണ്ടാവണമെന്നില്ല. എങ്കിലും രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു.