ആലപ്പുഴ: വെള്ളാപ്പള്ളി നടേശനുമായും ബിഡിജെഎസ് നേതൃത്വവുമായും ഉടക്കിയ സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു. ബിഡിജെഎസിലെ ഭിന്നതയാണ് രാജിക്ക് പിന്നിലെന്നാണ് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് സുഭാഷ് വാസു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി കൂടിയായ അമിത് ഷായ്ക്ക് അയച്ചു.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി സുഭാഷ് വാസു കുറച്ചുനാളായി അഭിപ്രായ ഭിന്നതയിലാണ്. എസ്എൻഡിപിയിൽ വിമത നീക്കം ശക്തമായതിന് പിന്നാലെ കഴിഞ്ഞ ദിവസം സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടിരുന്നു. രേഖകൾ മോഷ്ടിച്ചെന്നാരോപിച്ച് ഇയാൾക്കെതിരെ താലൂക്ക് യൂണിയൻ അഡ്മിനിസ്ട്രേറ്റർ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇവരുടെ വാക്തർക്കവും പതിവായിരുന്നു.
അതേസമയം, ബിഡിജെഎസ് എൻഡിഎയുമായി സഖ്യത്തിലായതോടെ 2018 ജൂലൈയിലാണ് സുഭാഷ് വാസു സ്പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തെത്തിയത്. ഒന്നാം മോഡി സർക്കാരിന്റെ കാലത്ത് ബിഡിജെഎസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു സ്പൈസസ് ബോർഡ് ചെയർമാൻ പദവി.
Discussion about this post