തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ മാന്യതയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂഷണം ചെയ്‌തെന്ന ആക്ഷേപവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലോക കേരള സഭക്ക് അഭിനന്ദന സന്ദേശവുമായി രാഹുല്‍ ഗാന്ധി അയച്ച കത്തിനെ മുഖ്യമന്ത്രി വളച്ചൊടിച്ച് വിവാദമാക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രവാസി മലയാളികളുടെ സംഭാവനകളെ കുറിച്ചാണ് രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നത്. അത് വളച്ചൊടിച്ച് വിവാദമാക്കിയത് ശരിയായ നടപടിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ മാന്യതയെ ചൂഷണം ചെയ്യുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഇത് പ്രതിഷേധാര്‍ഹമാണ്. മാത്രമല്ല ലോക കേരള സഭ ബഹിഷ്‌കരിക്കാന്‍ സംസ്ഥാനതലത്തില്‍ എടുത്ത തീരുമാനത്തില്‍ ഒരു തെറ്റും ഇല്ല.
ഇത്തരം കാര്യങ്ങളെല്ലാം എഐസിസിയേയോ കേന്ദ്ര ഘടകത്തേയോ അറിയിക്കണമെന്ന നിര്‍ബന്ധം ഇല്ല. തീരുമാനം സംസ്ഥാന ഘടകങ്ങള്‍ക്ക് കൈക്കൊള്ളാവുന്നതേ ഉള്ളു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടായാണ് ബഹിഷ്‌കരണ തീരുമാനം എടുത്തത്. യുഡിഎഫ് പ്രതിനിധികളാരെങ്കിലും പ്രതിനിധി സമ്മേളനത്തിനെത്തിയോ എന്നും മുഖ്യമന്ത്രിയോട് രമേശ് ചെന്നിത്തല ചോദിച്ചു. ലോക കേരള സഭയുടെ പേരില്‍ നടക്കുന്നത് വന്‍ ധൂര്‍ത്താണ്. അതിനെതിരായ നിലപാടില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Discussion about this post