തൃശ്ശൂർ: ലോക കേരളസഭയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി കത്തയച്ചതോടെ വെട്ടിലായ യുഡിഎഫ് നേതാക്കൾ ജാള്യത മറയ്ക്കാൻ ന്യായങ്ങൾ നിരത്തി രംഗത്ത്. രാഹുൽ ഗാന്ധി സാമാന്യ മര്യാദയുടെ പേരിൽ അയച്ചൊരു കത്ത് മുഖ്യമന്ത്രി ദുരുപയോഗപ്പെടുത്തുക ആയിരുന്നുവെന്നാണ് കെസി വേണുഗോപാൽ ആരോപിച്ചത്. കത്ത് വെളിപ്പെടുത്തിയത് ശരിയായില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
കേരളസഭയിലേക്ക് എംപിമാരെ ക്ഷണിച്ചുകൊണ്ടുള്ള കത്ത് എല്ലാ എംപിമാർക്കും അയച്ചപ്പോൾ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി അയച്ചിരുന്നു. അതിന് മറുപടി നൽകുക മാത്രമാണ് രാഹുൽ ചെയ്തത്. ഇതിനു ശേഷമാണ് കേരളത്തിൽ യുഡിഎഫ് ചേരുകയും നിലപാടെടുക്കുകയും ചെയ്തത്. ഈ രാഷ്ട്രീയ നിലപാട് മനസ്സിലാക്കുന്നതിനു പകരം രാഹുലിന്റെ പേര് ദുരുപയോഗപ്പെടുത്തുകയാണു മുഖ്യമന്ത്രി ചെയ്തത്. തെരഞ്ഞെടുപ്പ് കാലത്തുപോലും ഇടതുപക്ഷത്തോട് രാഹുൽ പുലർത്തിയ മര്യാദ കേരളത്തിനറിയാമെന്നും കെസി വേണുഗോപാൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രി രാഹുലിന്റെ കത്ത് രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു എന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.
നേരത്തെ, ലോക കേരളസഭയെ പ്രശംസിച്ചാണ് രാഹുൽ ഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചത്. കേരളസഭയുടെ ഉദ്ഘാടന സമ്മേളനത്തിൽ യുഡിഎഫ് പ്രതിനിധികൾ പങ്കെടുത്തിരുന്നില്ല. 47 രാജ്യങ്ങളിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ലോക കേരള സഭയുടെ പ്രതിനിധി സമ്മേളനത്തിൽ 351 പ്രതിനിധികളാണുള്ളത്.
Discussion about this post