ചേർത്തല: ഈ കള്ളനെ കണ്ടാൽ കൈകാര്യം ചെയ്യുന്നതിന് മുമ്പ് ഒന്ന് തൊഴണമെന്നാണ് നാട്ടുകാരുടെ ഭാഷ്യം. എന്തെന്നാൽ പട്ടാപ്പകൽ സർക്കാർ ഉദ്യോഗസ്ഥനായി ചമഞ്ഞെത്തിയ വിരുതൻ കച്ചവടമാക്കിയത് പതിനായിരങ്ങൾ വിലവരുന്ന സർക്കാർ മുതലാണ്. ദേശീയപാത പൊളിച്ചതിന്റെ അവശിഷ്ടങ്ങളാണ് അതിസമർത്ഥനായ കള്ളൻ പകൽവെളിച്ചത്തിൽ ഉദ്യോഗസ്ഥനായി ചമഞ്ഞെത്തി കച്ചവടം നടത്തിയത്. ഡിസംബർ 27-ന് നടന്ന ഈ കച്ചവടത്തിന് ചുക്കാൻ പിടിച്ച കള്ളനെ തേടുകയാണ് കുത്തിയതോട് പോലീസും ദേശീയപാതാ അധികൃതരും.
തുറവൂരിനുവടക്കുഭാഗത്ത് കൂട്ടിയിട്ടിരുന്ന സാമഗ്രികളാണ് വിരുതൻ കച്ചവടമാക്കിയത്. തുറവൂർ-ചേർത്തല ദേശീയപാതാ പുനർനിർമ്മാണം നടക്കുകയാണ്. തുറവൂരിനു വടക്കോട്ട് അരൂർ വരെ ഇതിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കഴിഞ്ഞു. പാതയുടെ മേൽതട്ട് പൊളിച്ച് 30 ശതമാനം വീണ്ടും ഉപയോഗിച്ചാണ് പുനർനിർമ്മാണം. അവശേഷിക്കുന്ന ഭാഗം പാതയുടെ വശങ്ങളിലെ ഉയരവ്യത്യാസം പരിഹരിക്കാനായി വശങ്ങളിൽ നിക്ഷേപിച്ചിരുന്നു. ഇതാണ് കള്ളൻ കച്ചവടം നടത്തിയത്. 50 എം ക്യൂബ് (10 ടിപ്പർ) സാമഗ്രികളാണ് വിറ്റത്.
ആഡംബര കാറിൽ എത്തിയ കള്ളൻ ഉദ്യോഗസ്ഥനെന്ന് പറഞ്ഞ് മണ്ണുമാന്തി യന്ത്രമുപയോഗിച്ച് സാമഗ്രികൾ ആവശ്യക്കാർക്ക് നൽകുകയായിരുന്നു. ഗ്രാമീണ റോഡുകൾ കുഴിയടയ്ക്കുന്നതിനും മറ്റുമായി ജനകീയസമിതികളടക്കം ഇയാളുമായി ബന്ധപ്പെട്ടു. ലോഡൊന്നിനു 1500 രൂപ വരെയാണ് ഈടാക്കിയത്. അംഗീകൃതമായ നടപടിയെന്നു കരുതി ഇതുവാങ്ങിയവരും ഇപ്പോൾ പ്രതിപട്ടികയിലായി. ഇത് കയറ്റിയ ടിപ്പർ ലോറി ഉടമകളടക്കം നെട്ടോട്ടത്തിലാണ്. മണ്ണുമാന്തി യന്ത്രവുമായെത്തിയ ആളും ഇതിനിടെ കടന്നുകളഞ്ഞു. പോലീസ് എഫഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Discussion about this post