കൊച്ചി: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ശബരിമല സന്ദര്‍ശനം ഒഴിവാക്കി. സുരക്ഷാ ക്രമീകരണങ്ങള്‍ അടക്കമുള്ളവ സംബന്ധിച്ച അനിശ്ചിതത്വത്തെ തുടര്‍ന്നാണ് തീരുമാനം. തിങ്കളാഴ്ച കൊച്ചിയില്‍ എത്തുന്ന രാഷ്ട്രപതി ലക്ഷദ്വീപിലേക്ക് പോകും. ഒമ്പതിന് കൊച്ചിയില്‍ തിരിച്ചെത്തി ഡല്‍ഹിയിലേക്ക് മടങ്ങും.
ശബരിമലയില്‍ ഹെലിപ്പാഡിന്റെ അഭാവം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം റദ്ദ് ചെയ്തത്.
കഴിഞ്ഞ 27-നായിരുന്നു ശബരിമല ദര്‍ശനം നടത്തുവാനുള്ള ആഗ്രഹം രാഷ്ട്രപതിയുടെ ഓഫീസ് പത്തനംതിട്ട കളക്ടറുടെ ഓഫീസിനെ അറിയിച്ചത്. ഈ കാര്യം 28ന് സന്നിധാനത്ത് ചേര്‍ന്ന മകരവിളക്ക് അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ നൂഹ് അറിയിച്ചു. വരാനുള്ള സാധ്യത കുറവാണെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ വിലയിരുത്തല്‍. എന്നാല്‍, രാഷ്ട്രപതിയുടെ ഓഫീസ് സന്ദര്‍ശനം നടത്തുവാനുള്ള തീരുമാനം കഴിഞ്ഞ ദിവസമായിരുന്നു ഔദ്യോഗികമായി അറിയിച്ചത്.
രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ എവിടെ ഇറക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു. പാണ്ടിത്താവളത്തെ കുടിവെള്ള സംഭരണിക്ക് മുകളില്‍ താല്‍ക്കാലിക ഹെലിപാഡ് തയ്യാറാക്കാന്‍ സാധിക്കുമോ എന്ന് പരിശോധിക്കാന്‍ ദേവസ്വം ബോര്‍ഡിനോട് പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഹെലികോപ്റ്റര്‍ ഇറക്കാനുള്ള ബലം കുടിവെള്ള സംഭരണിക്കുണ്ടോ എന്ന സംശയം നിലനിന്നിരുന്നു. അതിനാല്‍ കുടിവെള്ള സംഭരണിക്ക് മുകളില്‍ ഹെലികോപ്റ്റര്‍ ഇറക്കാന്‍ സാധിച്ചേക്കില്ല എന്നും വിലയിരുത്തപ്പെട്ടിരുന്നു.
അതിനിടെ, ഭക്തരുടെ തിരക്കുകൂടി പരിഗണിച്ചു വേണം സന്ദര്‍ശനമെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഇക്കാര്യം സര്‍ക്കാര്‍ രാഷ്ട്രപതി ഭവനെ അറിയിച്ചിരുന്നു. തുടര്‍ന്ന് ഹെലിപ്പാഡ് ഒരുക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അടക്കമുള്ളവ പരിഗണിച്ച് ശബരിമല സന്ദര്‍ശിക്കാനുള്ള തീരുമാനം രാഷ്ട്രപതി റദ്ദാക്കുകയായിരുന്നു.
Discussion about this post