തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിയെ കേരളത്തിലെ ബിജെപി പോലും എതിർക്കുന്നുണ്ടെന്ന് കെ മരളീധരൻ എംപി. അതുകൊണ്ടാണ് ഒ രാജഗോപാൽ നിയമസഭയിൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നതെന്നും മുരളീധരൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിൽ ബിജെപിക്കുള്ളിൽത്തന്നെ എതിർപ്പുണ്ട്. ഒ രാജഗോപാൽ പ്രമേയത്തെ നിയമസഭയിൽ അനുകൂലിച്ചില്ല. എതിർത്തതുമില്ല. മൗനം സമ്മതം എന്ന നിലയിലാണ് രാജഗോപാൽ ഇരുന്നത്. മോഡി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയിൽ പോലും എതിർപ്പുണ്ട്’-അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം നടത്താൻ നിശ്ചയിച്ചിരിക്കുന്ന മനുഷ്യച്ചങ്ങലയെ കോൺഗ്രസ് പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്ത് ഇസ്ലാമിയും വെൽഫെയർ പാർട്ടിയും ഭീകര സംഘടനകളായത് എപ്പോഴാണെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതിക്ക് എതിരായ പ്രമേയം ഇന്നലെയാണു കേരളാ നിയമസഭയിൽ പാസായത്. നിയമത്തിൽ മതരാഷ്ട്ര സമീപനമാണ് ഉൾച്ചേർന്നിരിക്കുന്നതെന്നും അതിനാൽ റദ്ദാക്കണമെന്നും കേന്ദ്ര സർക്കാരിനോട് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനം പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം നിയമസഭയിൽ അവതരിപ്പിക്കുന്നതും പാസാക്കുന്നതും.
Discussion about this post