തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ അടിച്ചമർത്താൻ ഉത്തർപ്രദേശിൽ പോലീസ് നടത്തിയത് നരനായാട്ടാണെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് എംകെ മുനീർ. പ്രതിഷേധിച്ചവർക്കെതിരെ ഉത്തർപ്രദേശിൽ പോലീസ് നടത്തിയ മനുഷ്യത്വരഹിതമായ നടപടിക്കെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് അദ്ദേഹം പരാതി നൽകി.പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശങ്ങൾ അടിച്ചമർത്തുകയാണെന്നും പ്രകോപനം കൂടാതെ വെടിയുതിർക്കുകയായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി അയച്ചിരിക്കുന്നത്.
സമാധാനപരമായി സമരം ചെയ്ത ജനങ്ങൾക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ വെടിയുതിർക്കുകയാണ് യുപി പോലീസ് ചെയ്തത്. വെടിവെപ്പിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ തന്നെ ജനങ്ങളോട് പാകിസ്താനിലേയ്ക്ക് പോകാൻ ആക്രോശിക്കുന്നു. ജനങ്ങളുടെ സാമാന്യ അവകാശങ്ങൾ പോലും നിഷേധിക്കുന്നു. ജനങ്ങൾക്ക് സ്വന്തം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല. കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾക്ക് അവർ ഇരയാവുന്നു. ഈ വാർത്തകളെല്ലാം പുറംലോകത്തുനിന്ന് മറച്ചുവെക്കുകയാണ് ഉത്തർപ്രദേശ് സർക്കാർ.
ബറേലി, മീററ്റ് തുടങ്ങിയ സ്ഥലങ്ങളിൽ മുസ്ലിം സമൂഹത്തിനു നേരെ ക്രൂരമായ അടിച്ചമർത്തലുകളാണ് യുപി പോലീസ് നടത്തുന്നതെന്നും മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ഈ പ്രദേശങ്ങൾ സന്ദർശിക്കണമെന്നും കൊല്ലപ്പെട്ടവർക്ക് മതിയായ നഷ്ടപരിഹാരം നൽകാൻ തയ്യാറാവണമെന്നും എംകെ മുനീർ അയച്ച കത്തിൽ പറയുന്നു.
Discussion about this post