തിരുവനന്തപുരം: കർഷകരുടെ പ്രതിസന്ധി കണക്കിലെടുത്ത് കാർഷിക കടങ്ങളുടെ മൊറട്ടോറിയവും വായ്പ പുനഃക്രമീകരണത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതിയും അടുത്ത മാർച്ച് 31 വരെ നീട്ടാൻ അപേക്ഷ സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ. ഇക്കാര്യം റിസർവ് ബാങ്കിനോട് അഭ്യർത്ഥിക്കാൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. സംസ്ഥാനതല ബാങ്കേഴ്സ് സമിതിയോടും ഇക്കാര്യം ആവശ്യപ്പെടും. കൃഷിവായ്പ പുനഃക്രമീകരിക്കാൻ അപേക്ഷിക്കുന്നതിനുള്ള കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണു നടപടി.
മൊറട്ടോറിയത്തിന്റെ കാലാവധി ദീർഘിപ്പിച്ചാലും കർഷകർ അപേക്ഷ നൽകി വായ്പ പുനഃക്രമീകരിച്ചാൽ മാത്രമേ അതിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ. വായ്പ പുനഃക്രമീകരിക്കാൻ ഇതുവരെ 5250 പേർ മാത്രമാണു ബാങ്കുകളിൽ അപേക്ഷിച്ചത്. പുനഃക്രമീകരിക്കാൻ പല ഘട്ടങ്ങളിലായി സമയം നീട്ടി നൽകിയെങ്കിലും കുറച്ചു പേർ മാത്രമാണ് അപേക്ഷിക്കാൻ തയ്യാറായത്. ഈ സാഹചര്യത്തിലാണു വീണ്ടും മൂന്നു മാസം കൂടി ദീർഘിപ്പിച്ചു നൽകാൻ റിസർവ് ബാങ്കിനോട് ആവശ്യപ്പെടാൻ ഒരുങ്ങുന്നത്.
74.51 ലക്ഷം ബാങ്ക് അക്കൗണ്ടുകളിലായി 81,000 കോടി രൂപയാണു കാർഷിക വായ്പയുള്ളത്. ഇതിൽ 55 ലക്ഷം അക്കൗണ്ടുകളിലായി 51,000 കോടി രൂപ സ്വർണപ്പണയ വായ്പയാണ്. ബാക്കിയുള്ളതാണു കർഷകരുടെ യഥാർത്ഥ വായ്പയായി കണക്കാക്കിയിരിക്കുന്നത്. ഇതിൽ കിസാൻ ക്രെഡിറ്റ്് കാർഡിന്റെ ആനൂകൂല്യമുള്ളവർ 17,000 കോടി രൂപയാണു വായ്പയെടുത്തിരിക്കുന്നതെന്നും മന്ത്രിസഭാ യോഗത്തിൽ കൃഷി വകുപ്പ് അറിയിച്ചു