തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയില്‍ കുഷ്ഠരോഗം പടരുന്നതായി ആരോഗ്യവകുപ്പ്. എഴുപതു പേരിലാണ് ഒരു വര്‍ഷത്തിനിടെ കുഷ്ഠരോഗം സ്ഥിരീകരിച്ചത്. ബോധവവല്ക്കരണത്തിനും രോഗനിര്‍ണയത്തിനുമായി അടുത്ത മാസം മുതല്‍ ആരോഗ്യവകുപ്പ് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. തൃശ്ശൂരില്‍ മാത്രം ആറുമാസത്തിനിടെ കുഷ്ഠരോഗം സ്ഥിരീകരിച്ചത് 36 പേര്‍ക്കാണ്.
കുഷ്ഠരോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് പേര് കുട്ടികളാണ്. പതിന്നാലു പേര് ഇതരസംസ്ഥാന തൊഴിലാളികളുമാണ്. രോഗം കണ്ടെത്തിയവയില്‍ ഏറെയും പകര്‍ച്ചാസാധ്യതയുളളതാണെന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. രോഗാണുവാഹകരെ കണ്ടെത്തി പൂര്‍ണമായി ചികിത്സിച്ചു മാറ്റാനാകാത്തതിനാല്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷവും കൂടുകയാണ്.
കുട്ടികളില്‍ നടത്തിയ സര്‍വ്വേയില്‍ കുഷ്ഠരോഗബാധിതരുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നതായി കണ്ടെത്തി. ബാക്ടീരിയ വഴിയുളള കുഷ്ഠരോഗം വായുവിലൂടെയാണ് പകരുക. രോഗം കണ്ടെത്താന്‍ അടുത്ത മാസം 5 മുതല്‍ 18 വരെ ആരോഗ്യവകുപ്പ് അശ്വമേധം എന്ന പേരില്‍ ഗൃഹസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കും. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും.
Discussion about this post