പത്തനംതിട്ട; ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെസുരേന്ദ്രനെ ഡിസംബര്‍ ആറു വരെ റിമാന്‍ഡ് ചെയ്തു. റാന്നി കോടതിയാണ് സുരേന്ദ്രനെ റിമാന്‍ഡ് ചെയ്തത്. അതേസമയം, കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്ന് പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അര മണിക്കൂര്‍ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പോലീസിന്റെ ആവശ്യം തള്ളിയാണ് സുരേന്ദ്രനെ റിമാന്റ് ചെയ്തത്.
ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട കേസിലാണ് റിമാന്‍ഡ് ചെയ്തത്. ഗൂഢാലോചന കേസാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, തനിക്കെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന്‍ പറഞ്ഞു. അയ്യപ്പധര്‍മം സംരക്ഷിക്കാന്‍ നിലകൊള്ളും. ആയിരം കേസെടുത്താലും അയ്യപ്പവിശ്വാസത്തിനൊപ്പം നില്‍ക്കും. എന്റെ തുടര്‍ച്ചയായി ജയിലറയില്‍ തളച്ചിടാനുള്ള നീക്കമാണ് ഇത്. എല്ലാം നിയമവഴിയില്‍ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വിശ്വാസമുണ്ട്. കൂടുതല്‍ കരുത്തോടെ പൊതുജീവിതത്തില്‍ വരാന്‍ കഴിയും.
ഞാന്‍ എന്ത് ഗൂഢാലോചനയാണ് നടത്തിയത്. സുതാര്യമല്ലാത്ത ഒന്നും ഇതുവരെ നടത്തിയിട്ടില്ല. ഇനി നടത്താനും പോകുന്നില്ല- സുരേന്ദ്രന്‍ പ്രതികരിച്ചു. രണ്ടു കാരണങ്ങളാണ് തന്നെ വേട്ടയാടുന്നതിനു പിന്നിലുള്ളത്. ഒന്ന് അയ്യപ്പ ഭക്തരുടെ ആത്മവിശ്വാസം കെടുത്തുകയെന്നതാണ്. മറ്റൊന്ന് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ നിന്ന് തന്നെ ബോധപൂര്‍വ്വം മാറ്റി നിര്‍ത്തുക എന്നതാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.