കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഭക്ഷ്യ വിഷബാധ. കല്ല്യോട്ട് കഴകം പെരുങ്കളിയാട്ടത്തിന്റെ സമാപന ദിവസം ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. എണ്ണൂറോളം പേരാണ് ഛര്‍ദിയും വയറിളക്കവും കാരണം ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയില്‍ മാത്രം മുന്നൂറോളം പേരാണ് ചികിത്സ തേടിയെത്തിത്.
പെരുങ്കളിയാട്ടം സമാപിച്ച ഞായറാഴ്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിയിരിക്കുന്നത്. അതേസമയം ക്ഷേത്രപരിസരത്ത് ഐസ്‌ക്രീം വില്‍പന നടന്നിരുന്നു. ഇത് കഴിച്ചവര്‍ക്കാണോ ഭക്ഷ്യ വിഷബാധ ഉണ്ടായതെന്നും സംശയമുണ്ട്.
ആശുപത്രിയില്‍ പെരിയ, കല്യോട്ട്, ചെറുവത്തൂര്‍, നീലേശ്വരം, അമ്പലത്തറ എന്നീ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് ചികിത്സ തേടിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ എത്തി രോഗികളുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയവരുടെ വിവരങ്ങള്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.