തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് നിരോധനം നിലവില്‍ വരിക. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രാന്‍ഡഡ് വസ്തുക്കളുടെ കവറുകള്‍, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയ്‌ക്കെല്ലാം ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിരോധനം ലംഘിച്ചാല്‍ ആദ്യതവണ പിഴ പതിനായിരം രൂപ, രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപ. തുടര്‍ന്നും ലംഘിച്ചാല്‍ 50,000 രൂപ പിഴ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും. കളക്ടര്‍, സബ്ഡിവിഷനല്‍ മജിസ്ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഇതിനെതിരെ നടപടിയെടുക്കാം.
എന്നാല്‍ ആദ്യഘട്ടത്തില്‍ ശിക്ഷാനടപടി ഉണ്ടാകില്ല. പ്ലാസ്റ്റികിന് ബദലായി തുണി സഞ്ചി, പേപ്പര്‍ കവര്‍ എന്നിവ വിപണിയില്‍ കൂടുതല്‍ ലഭ്യമാക്കും. ബ്രാന്‍ഡഡ് വസ്തുക്കളുടെ കവറുകള്‍ ഉപഭോക്താക്കളില്‍ നിന്ന് തിരിച്ചു ശേഖരിക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ മുന്‍കയ്യെടുക്കും.
അതേസമയം, പ്ലാസ്റ്റിക് നിരോധനത്തിനെതിരെ വ്യാപാരികളുടെ എതിര്‍പ്പ് തുടരുകയാണ്. നിരോധനത്തിനെതിരെ വ്യാപാരികള്‍ വ്യാഴാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.