തൃശ്ശൂർ: ഇനി മുതൽ ട്രെയിനുകൾ കുതിച്ചെത്തുമ്പോൾ കേൾക്കുന്ന ചൂളം വിളി തീവ്രത കൂടിയതായിരിക്കും. തീവണ്ടിയുടെ ചൂളംവിളിക്ക് ശബ്ദംകൂട്ടാൻ തീരുമാനമായി. പുതിയ വൈദ്യുതി, ഡീസൽ എഞ്ചിനുകളിൽ ഹോണിന്റെ ശബ്ദതീവ്രത കൂട്ടി. പഴയ എൻജിനിലെ തീവ്രത 90-95 ഡെസിബെൽ ആയിരുന്നു. ഇപ്പോഴത് 115-125 ഡെസിബെല്ലാക്കി. ഭൂരിഭാഗം വണ്ടികളും ഇപ്പോൾ ശബ്ദംകുറഞ്ഞ വൈദ്യുതി എഞ്ചിനിലേക്ക് മാറിയതും റെയിൽ മുറിച്ചുകടന്നുള്ള അപകടം കൂടിയതുമാണ് ഹോണിന്റെ തീവ്രത വർധിപ്പിക്കാൻ കാരണം.
പുതിയ വൈദ്യുതി എഞ്ചിനുകളായ ഡബ്ല്യുഎപി-നാല്, ഡബ്ല്യുഎപി-ഏഴ്, ഡീസൽ എൻജിനായ ഡബ്ല്യുഡിഎം-3 എ, ചരക്കുവണ്ടികളിലെ ഡബ്ല്യുഡിജി-3 എഞ്ചിനുകളിലും ഡെസിബെൽ കൂടിയ ഹോൺ ഉപയോഗിച്ചുതുടങ്ങി.
മുറിച്ചുകടക്കുമ്പോഴുള്ള മൊബൈൽ ഫോൺ സംസാരവും അശ്രദ്ധയും കാരണം ഹോണടിച്ചാലും പലരും അതുകേൾക്കാതെ ദുരന്തത്തിൽപ്പെടുകയാണ്. വണ്ടിവരുന്നതുകണ്ടിട്ടും പാളത്തിൽനിന്ന് സെൽഫിയെടുക്കാനുള്ള ശ്രമങ്ങളും ദുരന്തങ്ങൾക്ക് കാരണമാകുന്നുണ്ട്.
Discussion about this post