കേരളത്തിലെ ഡയറികള്‍ പാല്‍ എടുക്കുന്നില്ല; കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മലയാളി ക്ഷീര കര്‍ഷകര്‍ പ്രതിസന്ധിയില്‍

ജനുവരി മുതല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പാല്‍ എടുക്കാനാകില്ലെന്ന് വയനാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍ അറിയിച്ചിരിക്കുന്നത്

കല്‍പ്പറ്റ: കേരളാ-തമിഴ്‌നാട് അതിര്‍ത്തിയിലെ മലയാളി ക്ഷീര കര്‍ഷകര്‍ വീണ്ടും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. കേരളത്തിലെ ഡയറികള്‍ ഇവരുടെ പാല്‍ എടുക്കാത്തതാണ് ക്ഷീര കര്‍ഷകരെ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. തമിഴ്നാടിന്റെ ഭാഗമായ കോളിമൂല, മാങ്ങോട്, പൂളക്കുണ്ട് പ്രദേശത്ത് താമസിക്കുന്ന നൂറിലധികം ക്ഷീരകര്‍ഷകരാണ് ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്.

ഇവിടെയുള്ള ക്ഷീരകര്‍ഷകര്‍ കാലങ്ങളായി കേരളത്തിലേക്കാണ് പാല്‍ നല്‍കുന്നത്. എന്നാല്‍ ജനുവരി മുതല്‍ തമിഴ്‌നാട്ടില്‍നിന്നുള്ള പാല്‍ എടുക്കാനാകില്ലെന്ന് വയനാട്ടിലെ ക്ഷീര സഹകരണ സംഘങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഒരുവര്‍ഷം മുമ്പുവരെ വയനാട് മില്‍ക്ക് ആണ് ഇവിടെ നിന്നുള്ള പാല്‍ ശേഖരിച്ചിരുന്നത്. പാല്‍ കൂടുതലാണെന്ന കാരണത്താല്‍ വയനാട് മില്‍ക്ക് തമിഴ്‌നാട്ടില്‍നിന്നുള്ള പാല്‍ ശേഖരണം നിര്‍ത്തിയത്. പിന്നീട് അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണ സംഘം പാല്‍ വാങ്ങാന്‍ തയ്യാറായി. എന്നാല്‍ സഹകരണ സംഘം ഓഫീസില്‍ പാല്‍ വാഹനത്തില്‍ എത്തിച്ചു നല്‍കണമായിരുന്നു.

ഇതേ തുടര്‍ന്ന് കോളിമൂലയില്‍ നിന്ന് പാല്‍ ശേഖരിച്ച് വാഹനത്തില്‍ തോമാട്ടുചാലിലെ ഡയറിയില്‍ എത്തിക്കുകയാണ് ചെയ്തിരുന്നത്. എന്നാല്‍ ഒരു വര്‍ഷമായി തങ്ങളുടെ പാല്‍ എടുക്കുന്ന സംഘം ഇനി പാല്‍ വേണ്ടെന്ന നിലപാടിലാണെന്നാണ് ഇവിടെയുള്ള ക്ഷീരകര്‍ഷകര്‍ പറയുന്നത്. കേരളാ ക്ഷീരവികസനവകുപ്പിന് അതിര്‍ത്തിയിലെ മലയാളികളോട് ചിറ്റമ്മനയമാണെന്ന് ആരോപിച്ച് ക്ഷീരകര്‍ഷകര്‍ കോളിമൂലയില്‍ പാല്‍ റോഡിലൊഴിച്ച് പ്രതിഷേധിച്ചു.

കഴിഞ്ഞ മുപ്പതുവര്‍ഷമായി കേരളത്തിലാണ് തങ്ങള്‍ പാല്‍ നല്‍കിക്കൊണ്ടിരുന്നതെന്നും തുടര്‍ന്നും ഇതിനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിത്തരണമെന്നുമാണ് ക്ഷീരകര്‍ഷകരുടെ ആവശ്യം. എന്നാല്‍ അതേസമയം അമ്പലവയല്‍ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ പരിധിയില്‍ പെടാത്ത പ്രദേശത്തുനിന്ന് പാല്‍ ശേഖരിക്കാന്‍ നിര്‍വാഹമില്ലെന്നാണ് ഡയറി സംഘം അധികൃതര്‍ പറയുന്നത്.

Exit mobile version