‘ലാല്‍ കിലേ സേ ആയേ ആവാസ് സെഹ്ഗള്‍ ധില്ലന് ഷാനവാസ്’
സ്വാതന്ത്ര്യസമരകാലം; ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ തടവില്‍ കഴിഞ്ഞ മൂന്ന് ഐഎന്‍എ ഭടന്മാരാണ് പ്രേംകുമാ സെഹ്ഗാളും ഗുരുബക്ഷ് സിംഗ് ധില്ലനും ഷാനവാസ്ഖാനും. മൂന്ന് വ്യത്യസ്ത മതസ്ഥര്‍. ജയിലില്‍ സന്ദര്‍ശിച്ച ഗാന്ധിജിയോട് അവര്‍ പറഞ്ഞത് തങ്ങളെ മതപരമായി ഭിന്നിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തങ്ങള്‍ക്ക് ഹിന്ദുചായയും മുസ്ലിംചായയും പ്രത്യേകം നല്‍കുന്നുവെന്നായിരുന്നു. തങ്ങള്‍ അത് ഒന്നിച്ചൊഴിച്ച് പകുത്ത് കുടിച്ചാണ് ആ കുതന്ത്രത്തെ നേരിടുന്നതെന്നും അവര്‍ പറഞ്ഞു. അക്കാലത്ത് അവരുടെ മോചനത്തിനായി രാജ്യമാകെ ജനലക്ഷങ്ങള്‍ തെരുവുകളില്‍ ഉയര്‍ത്തിയ മുദ്രാവാക്യമാണ് മുകളില്‍ കൊടുത്തത്. ”ചെങ്കോട്ടയില്‍ നിന്നുയരും ശബ്ദം സെഹ്ഗള്‍ ധില്ലന് ഷാനവാസ്”.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടം ആളിക്കത്തുമ്പോള്‍ ഈ ചരിത്രപാഠം എന്നത്തേക്കാള്‍ പ്രസക്തമാണിന്ന്. പൗരത്വ നിയമം ഇപ്പോള്‍ നടപ്പാക്കാന്‍ നിശ്ചയിച്ചതില്‍ സംഘപരിവാറിന് കൃത്യമായ ലക്ഷ്യവും കണക്കുകൂട്ടലുമുണ്ട്. കടുത്ത സാമ്പത്തികമാന്ദ്യം രാജ്യത്തെ ജനകോടികളുടെ ജീവിതത്തെ തകര്‍ക്കുമ്പോള്‍ ജനങ്ങളെ ഭിന്നിപ്പിക്കുകയല്ലാതെ അവര്‍ക്കുമുന്നില്‍ വേറെ വഴികളൊന്നുമില്ല. അതിനാല്‍ ജനവിരുദ്ധ സാമ്പത്തിക നയങ്ങളുടെയും മാന്ദ്യത്തിന്റെയും ദുരിതം മുഴുവന്‍ അനുഭവിക്കുന്ന സാധാരണ മനുഷ്യരുടെ ഉറച്ച ഐക്യം കാത്തുസൂക്ഷിച്ച്, മതനിരപേക്ഷമായ ഒരടിത്തറയില്‍നിന്ന് പൗരത്വ ഭേദഗതി നിയമത്തെ ചെറുത്തുതോല്‍പ്പിക്കുകയാണ് വേണ്ടത്. എന്നാല്‍ ഇതിന് വിപരീതമായി സംഘപരിവാറിന്റെ കെണിയില്‍ അറിഞ്ഞും അറിയാതെയും തലവച്ച് അവരുടെ ലക്ഷ്യം നിറവേറ്റിക്കൊടുക്കുംവിധം പ്രതിരോധത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ ചില ശക്തികളുടെ പ്രവര്‍ത്തനം കാരണമാകുന്നുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിരോധം മതനിരപേക്ഷതയുടെ ദൃഢമായ അടിത്തറയില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടത് താഴെ പറയുന്ന നാല് കാരണങ്ങളാല്‍ സുപ്രധാനമാണ്.
ഒന്ന്, രാഷ്ട്രത്തിന്റെ മതനിരപേക്ഷ സ്വഭാവത്തെ ഹനിച്ച് പൗരത്വത്തിന്റെ മാനദണ്ഡമായി മതത്തെ പ്രതിഷ്ഠിക്കുന്നതിനും അതുവഴി മതാധിഷ്ഠിത ഹിന്ദുരാഷ്ട്രത്തിന്റെ ശിലാന്യാസം നടത്തുന്നതിനുമെതിരെയാണ് സമരം. ഇത്തരമൊരു സമരം മതാടിസ്ഥാനത്തിലോ, മതനിരപേക്ഷ ജനകീയ ഐക്യത്തെ ശിഥിലമാക്കുന്ന വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന വിധമോ വളര്‍ത്തിയെടുത്താല്‍ ഹിന്ദുരാഷ്ട്രം ലക്ഷ്യം വയ്ക്കുന്നവരുടെ വഴി എളുപ്പമാക്കലായിരിക്കും ഫലം.
കാരണം ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗീയവാദികളെല്ലാം ഒരുപോലെ മതനിരപേക്ഷ രാഷ്ട്രവീക്ഷണത്തെ നിരാകരിക്കുന്നവരും മതരാഷ്ട്ര വാദത്തിന്റെ വക്താക്കളുമാണ്. ഇന്ത്യയുടെ വിഭജനത്തിലേക്കു തന്നെ നയിച്ചത് മതരാഷ്ട്രവാദത്തിന്റെ കാര്യത്തില്‍ സവര്‍ക്കറും ജിന്നയും യോജിച്ചതായിരുന്നല്ലോ. 1937ലെ ഹിന്ദു മഹാസഭാസമ്മേളനത്തിലെ അദ്ധ്യക്ഷപ്രസംഗത്തില്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും ഒരു രാജ്യമായി മുന്നോട്ടുപോകാനാവില്ല എന്ന് സവര്‍ക്കര്‍ പ്രഖ്യാപിച്ചു. 1941ല്‍ ജിന്നയും മതാടിസ്ഥാനത്തില്‍ ദ്വിരാഷ്ട്രവാദം ഉന്നയിച്ചു. മതമാണ് രാഷ്ട്രത്തെ നിര്‍ണയിക്കുന്നത് എന്ന നിലപാടില്‍ ഇരുവരും യോജിച്ചിരുന്നു. വര്‍ഗീയവാദികള്‍ തമ്മിലുള്ള പരസ്പരാശ്രിതത്വത്തിന്റെ അന്തര്‍ധാര ആര്‍എസ്എസ് സ്ഥാപകന്‍ ഹെഡ്ഗേവാറുടെയും ജമാത്തെ ഇസ്ലാമിയുടെ സ്ഥാപകന്‍ മൗലാനാ മൗദൂദിയുടേയും നിലപാടുകളിലും കാണാം. മതനിരപേക്ഷ രാഷ്ട്രവീക്ഷണം സ്വാതന്ത്ര്യസമരത്തിന്റെ സൃഷ്ടിയാണല്ലോ.
ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യസമരം നടത്തി പാഴാക്കുന്നതിനുപകരം ഹിന്ദുരാഷ്ട്രം കെട്ടിപ്പടുക്കാനായി കരുതിവയ്ക്കാനുള്ളതാണ് ഹിന്ദുക്കളുടെ ഊര്‍ജം എന്നാണ് ഹെഡ്ഗേവാര്‍ അനുയായികളെ ഉപദേശിച്ചത്. മൗദൂദിയാകട്ടെ, സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കുന്നവരെ വഴിതെറ്റിയവരായിട്ടാണ് വിശേഷിപ്പിച്ചത്.
സാമ്രാജ്യത്വവിരുദ്ധസമരത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മൗദൂദി മുസ്ലീങ്ങളെ ഉദ്ബോധിപ്പിച്ചു. ഹിന്ദുരാഷ്ട്രം എന്തായിരിക്കുമെന്ന് നിര്‍വചിക്കുകയും അതിന്റെ ആശയാടിത്തറ വിശദീകരിക്കുകയും ചെയ്ത ആര്‍എസ്എസ് ഗുരു, എംഎസ് ഗോള്‍വാള്‍ക്കറെപ്പോലെ വിഭജനാനന്തരം ഇന്ത്യ ഹിന്ദുരാഷ്ട്രമാവണമെന്നത് മൗദൂദിയുടെ കൂടി ഇംഗിതവും ആവശ്യമായിരുന്നുവെന്നറിയാമോ?
1947 മെയ് മാസത്തില്‍ പത്താന്‍കോട്ടില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ മൗദൂദി പറഞ്ഞു” രാജ്യം വിഭജിക്കപ്പെടുമെന്ന് ഉറപ്പായിരിക്കുന്നു. ഒരുഭാഗം മുസ്ലീങ്ങള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ മറുഭാഗം ഇസ്ലാമികേതരഭൂരിപക്ഷത്തിന്റെ നിയന്ത്രണത്തിലായിരിക്കും. ആദ്യത്തേതില്‍, ഞങ്ങള്‍ അള്ളാഹു നിശ്ചയിച്ച നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഭരണഘടനയുടെയും ഭരണകൂടത്തിന്റെയും അടിത്തറ പാകാനുള്ള ജനവികാരം വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കും. മറുഭാഗത്ത് നിങ്ങള്‍ക്കായിരിക്കും ഭൂരിപക്ഷം. ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു, ദൈവത്തെയോര്‍ത്ത് നിങ്ങള്‍ രാമന്റെയും കൃഷ്ണന്റെയും ബുദ്ധന്റെയും നാനാക്കിന്റെയും തത്വങ്ങളും ജീവിതവും അപഗ്രഥിക്കൂ….. വേദങ്ങളും പുരാണങ്ങളും ശാസ്ത്രങ്ങളും ഗ്രന്ഥങ്ങളും സൂക്ഷ്മമായി പഠിച്ച് അവയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഭരണഘടന സ്ഥാപിക്കൂ……” അതായത് ഇന്ത്യ ഹിന്ദുരാഷ്ട്രമാവേണ്ടത് ഗോള്‍വാള്‍ക്കറോളം തന്നെ മൗദൂദിയുടെയും ആവശ്യമായിരുന്നു.
എന്നാല്‍ സ്വാതന്ത്ര്യാനന്തരം ഇരുവരും പങ്കുവച്ച ആ സ്വപ്നം യാഥാര്‍ഥ്യമാകാതെ ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായിത്തീര്‍ന്നു. അതിന് കാരണം ഇരുവരും ഒരുപോലെ തള്ളിപ്പറഞ്ഞ സ്വാതന്ത്ര്യസമരത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളുമുള്പ്പെടെയുള്ള ഇന്ത്യന്‍ ജനതയുടെയാകെ ഐക്യത്തോടെയുള്ള പങ്കാളിത്തവും ഒന്നിച്ചനുഷ്ഠിച്ച ത്യാഗങ്ങളുമായിരുന്നു. മതവേര്‍തിരിവുകളില്ലാതെ പൊരുതിയ ഇന്ത്യന്‍ ജനതയുടെ ത്യാഗങ്ങളിലും സഹനങ്ങളിലുമാണ് മതനിരപേക്ഷ ഇന്ത്യ വേരൂന്നിയത്.
നാം അഥവാ നമ്മുടെ രാഷ്ട്രം നിര്‍വചിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞുവച്ചത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഒന്നുകില്‍ ഹിന്ദുവംശത്തില്‍ ലയിക്കുകയോ അല്ലെങ്കില്‍ ഹിന്ദുരാഷ്ട്രത്തിന് കീഴടങ്ങിയും പൗരത്വാവകാശങ്ങള്‍ പോലുമില്ലാതെയും ഇവിടെ കഴിയുകയോ അല്ലെങ്കില്‍ രാജ്യംവിട്ടുപോവുകയോ ചെയ്യാം എന്നായിരുന്നല്ലോ. ഇനി മൗദൂദി പറയുന്നതു നോക്കൂ. ” ഹിന്ദുനിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഹിന്ദുഗവണ്മെന്റ് ഇന്ത്യയില്‍ വരികയും മനുവിന്റെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അവിടത്തെ മുസ്ലീങ്ങളെ തൊട്ടുകൂടാത്തവരായി കണക്കാക്കുകയും ഭരണത്തില്‍ അവര്‍ക്ക് ഒരുപങ്കും നല്‍കാതിരിക്കുകയും മാത്രമല്ല, അവര്‍ക്ക് പൗരത്വാവകാശങ്ങള്‍പോലും നിഷേധിക്കുകയും ചെയ്താലും എനിക്കതില്‍ യാതൊരു എതിര്‍പ്പുമില്ല. ” അതായത് പാകിസ്ഥാന് ഇസ്ലാമിക രാഷ്ട്രമാകുന്നതുപോലെ ഇന്ത്യ ഹിന്ദുരാഷ്ട്രമാവണം. അങ്ങനെ ഹിന്ദുരാഷ്ട്രമാകുമ്പോള്‍ അവിടത്തെ മുസ്ലീങ്ങള്‍ക്ക് പൗരത്വാവകാശങ്ങള്‍പോലും കൊടുത്തില്ലെങ്കിലും വിരോധമില്ലെന്ന്. മതരാഷ്ട്രത്തില്‍ , അത് ആരുടെതായാലും പൗരത്വത്തിന്റെ മാനദണ്ഡം മതം മാത്രമായിരിക്കണമെന്ന പ്രമാണം മൗദൂദിയും ഉയര്‍ത്തിപ്പിടിക്കുന്നു. മതനിരപേക്ഷ ഇന്ത്യയിലെ മുസ്ലീങ്ങളുടെ താല്‍പ്പര്യത്തിന് എത്രമാത്രം വിനാശകരമാണ് മൗദൂദിയന്‍ മൗലികവാദമെന്ന് ഇത് വ്യക്തമാക്കുന്നു. 1947ല്‍ത്തന്നെ മറ്റൊരു പ്രസംഗത്തില്‍ മൗദൂദി പറയുന്നു. ” ഞങ്ങളുടെ വീക്ഷണത്തില്‍ മതനിരപേക്ഷത, ദേശീയത ജനാധിപത്യം എന്നീ മൂന്ന് തത്വങ്ങളും തെറ്റാണ്. ഇവയാണ് മനുഷ്യവംശത്തിന്റെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. ഞങ്ങളുടെ എല്ലാ ശക്തിയുമെടുത്ത് ഈ തത്വങ്ങള്‍ക്കെതിരായി ഞങ്ങള്‍ പോരാടും”. ഗോള്‍വാള്‍ക്കറുടെ വിചാരധാരയുമായും മതനിരപേക്ഷതയെ കപടമെന്നും ഈയിടെയായി’മതേതറ’യെന്നും പരിഹസിക്കുന്ന സംഘപരിവാര്‍ സമീപനവുമായി എത്ര ഗാഢമായ സാഹോദര്യമാണ് മൗദൂദി പുലര്‍ത്തുന്നത് ? ജനാധിപത്യം ഏറ്റവും നല്ല ഭരണരീതിയാണോ എന്ന ചോദ്യത്തിന് ഗോള്‍വാള്‍ക്കര്‍ നല്കിയ ഉത്തരം ”ഉദാരമതിയായ ഒരു ഏകാധിപതി ഇല്ലാത്തതുകൊണ്ടാണ് ജനാധിപത്യം ഉടലെടുത്തത്” എന്നായിരുന്നു. ജനാധിപത്യത്തോടുള്ള എതിര്‍പ്പിലും ഇരുവരും യോജിക്കുന്നു.
മതാടിസ്ഥാനത്തിലുള്ള പൗരത്വത്തെ പിന്തുണയ്ക്കുന്ന മൗദൂദിയന്‍ മതരാഷ്ട്രവാദം എവിടെയാണ് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്ര സങ്കല്പ്പത്തിന് എതിരാകുന്നത്? മൗദൂദിയന്‍ ആശയങ്ങളില്‍നിന്ന് എങ്ങനെയാണ് മതത്തെ പൗരത്വത്തിന്റെ അടിസ്ഥാനമാക്കുന്നതിനേയും ഹിന്ദുത്വത്തിന്റെ മതരാഷ്ട്രനിര്മിതിയേയും ചെറുക്കാനാവുക?
രണ്ടാമതായി, മതമല്ല മതനിരപേക്ഷമായ ദേശീയതയാണ് രാഷ്ട്രത്തെ രൂപപ്പെടുത്തുന്നത് എന്ന് മറക്കരുത്. അതിന് ഏറ്റവും വലിയ തെളിവ് മതാധിഷ്ഠിത പാകിസ്ഥാനും മതനിരപേക്ഷ ഇന്ത്യയുംതന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിതമായ പാകിസ്ഥാന് എന്ന രാഷ്ട്രം കാല്‍നൂറ്റാണ്ടുപോലും ഒന്നിച്ചു നിന്നില്ല.ഉറുദുഭാഷ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങളെ കിഴക്കന്‍ പാകിസ്ഥാനിലെ മുസ്ലീംജനത എതിര്‍ത്തത് ബംഗാളിഭാഷയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ചാണ്.
പാകിസ്ഥാന് വിഭജിച്ച്, ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം പിറവിയെടുക്കാന്‍ കാരണമായത് മതനിരപേക്ഷമായ ബംഗാളിദേശീയതയായിരുന്നു. (അന്ന് പാകിസ്ഥാന് സൈന്യത്തിനൊപ്പം ചേര്‍ന്ന് മതനിരപേക്ഷമായ ദേശീയ വിമോചനപോരാട്ടത്തെ തകര്‍ക്കാന്‍ കൂട്ടക്കൊലകള്‍ നടത്തിയ അവിടത്തെ ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്ക് വിചാരണയ്ക്കൊടുവില് വധശിക്ഷ ലഭിച്ചത് അടുത്തകാലത്തായിരുന്നല്ലോ).
ഇന്ത്യ ഭിന്നിക്കാതെ ഏഴുപതിറ്റാണ്ടിലേറെക്കാലം എല്ലാ വൈവിധ്യങ്ങളുടെയും നാനാത്വത്തിന്റെയുമെല്ലാം നടുവില്‍ നിലനിന്നത് ഇസ്ലാമിക രാഷ്ട്രമായ പാകിസ്ഥാനെപ്പോലെ ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാവാതിരുന്നതുകൊണ്ടാണെന്ന സത്യം വിസ്മരിക്കരുത്. മതനിരപേക്ഷത തകര്‍ന്നാല്‍ എന്താണ് സംഭവിക്കുക എന്നതിന് അനേകം പാഠങ്ങള്‍ നമുക്കുചുറ്റുമുണ്ട്.
അഫ്ഗാനിസ്ഥാനില്‍ കമ്യൂണിസ്റ്റ് ഗവണ്മെന്റിനെ അട്ടിമറിച്ച് മതരാഷ്ട്രം സ്ഥാപിച്ച താലിബാന് എത്ര അഗാധമായ പതനത്തിലേക്കാണ് ആ രാജ്യത്തെ നയിച്ചത് എന്ന് നാം കണ്മുന്നില് കണ്ടവരാണല്ലോ. മതനിരപേക്ഷമായ അറബ് ദേശീയതയുടെ വക്താവായ സദ്ദാംഹുസൈനെ അധികാരഭ്രഷ്ടനാക്കിയും പിന്നീട് തൂക്കിലേറ്റിയും മതഭീകരതയ്ക്ക് വഴിയൊരുക്കിക്കൊടുത്ത അമേരിക്ക പഴയ മെസൊപ്പൊട്ടേമിയന്‍ നാഗരികതയുടെ നാടിനെ ഭൂമിയിലെ നരകമാക്കിയതെങ്ങനെയെന്നും മറക്കാന്‍ സമയമായിട്ടില്ല. സിറിയയുടെ സമാനപാഠങ്ങളും നമ്മുടെ മുന്നിലുണ്ട്. മതനിരപേക്ഷ രാഷ്ട്രഘടനയെ തകര്‍ത്ത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ ഇന്ത്യയെയും അതേ ദുരന്തത്തിലേക്കായിരിക്കും നയിക്കുക. അതുകൊണ്ട് സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രപദ്ധതിയെ അടിയുറച്ച മതനിരപേക്ഷ ജനകീയ ഐക്യത്തിലൂടെയാവണം നേരിടേണ്ടത്.
മൂന്നാമതായി, സംഘപരിവാര്‍ ലക്ഷ്യംവയ്ക്കുന്ന ഹിന്ദുരാഷ്ട്രം ന്യൂനപക്ഷങ്ങള്ക്കുമാത്രം എതിരായതല്ല. ഹിന്ദുക്കളിലെതന്നെ ഭൂരിപക്ഷമായ ദളിത്പിന്നാക്കവിഭാഗങ്ങള്ക്കും സ്ത്രീകള്‍ക്കും ഇടമില്ലാത്ത രാജ്യമാണെന്ന് ഓര്‍ക്കണം. അതോടൊപ്പം എല്ലാ മതനിരപേക്ഷ ജനാധിപത്യവാദികളെയും വേട്ടയാടി തുരത്തുന്ന ഒന്നായിരിക്കും അവരുടെ ഹിന്ദുരാഷ്ട്രം. ആ ഹിന്ദുരാഷ്ട്രത്തിന്റെ ആശയാടിത്തറയും ഭരണഘടനാ ചട്ടക്കൂടുമായ മനുസ്മൃതി ബ്രാഹ്മണമേധാവിത്വം, പുരുഷ മേധാവിത്വം, ചാതുര്‍വര്‍ണ്യം എന്നിവയിലധിഷ്ഠിതമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാവില്ലല്ലോ.
മനുസ്മൃതിയുടെ ഈ പ്രത്യയശാസ്ത്ര പരിസരമാണ് ഹിന്ദുത്വവര്‍ഗീയതയുടെ വളര്‍ച്ചയ്ക്കൊപ്പം രാജ്യവ്യാപകമായി ദളിതര്‍ക്കും സ്ത്രീകള്‍ക്കും എതിരായ കടന്നാക്രമണങ്ങള്‍ എല്ലാ അതിരുകളുംവിട്ട് പെരുകാന്‍ കാരണം. ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംരവണത്തിനെതിരെ പേര്‍ത്തും പേര്‍ത്തും ഒളിഞ്ഞും തെളിഞ്ഞും ആര്‍എസ്എസ് നിലപാട് ആവര്‍ത്തിക്കുന്നതും മറ്റൊന്നുകൊണ്ടുമല്ല. ” സംവരണം ഇങ്ങനെ തുടര്‍ന്നുകൊണ്ടുപോവുകയാണ്. ജാതിയിന്മേല് മാത്രം അടിസ്ഥാനപ്പെടുത്തിയ പ്രത്യേകാനുകൂല്യങ്ങള്‍ ഒരു പ്രത്യേകവിഭാഗമായി തുടരുവാനുള്ള സ്ഥാപിത താല്‍പ്പര്യങ്ങള്‍ വളര്‍ത്തുകതന്നെ ചെയ്യും” എന്ന് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ അസ്വസ്ഥനാവുന്നുണ്ട്. (പേജ് 408409).
ആണുങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നവരെന്നും സ്ത്രീകള്‍ ഹിന്ദുരാഷ്ട്രത്തിന്റെ വീരപുത്രന്മാരെ പ്രസവിക്കാനും അവരെ പോറ്റി വളര്‍ത്താനും മാത്രമുള്ളവരാണെന്നും ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ പറഞ്ഞുവച്ചിട്ടുണ്ട്. അതായത്, ഹിന്ദുരാഷ്ട്രത്തിന്റെ ശിലാന്യാസമായ മതാടിസ്ഥാനത്തിലുള്ള പൗരത്വ നിയമം ഒരു ന്യൂനപക്ഷപ്രശ്നം മാത്രമല്ല എന്നര്‍ഥം. അതിനെ ചെറുക്കേണ്ടത് ഹിന്ദുരാഷ്ട്രവാദത്തിന്റെ ഇരകളാകുന്ന എല്ലാ വിഭാഗങ്ങളിലുമുള്ള ചൂഷിതജനതയുടെ ഐക്യമുറപ്പിച്ചുകൊണ്ടാവണം.
അവസാനമായി, രാജ്യം ചരിത്രത്തിലെ സമാനതകളില്ലാത്ത സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതിയിലാണ്. തൊഴിലില്ലായ്മയും വിലക്കയറ്റവും കാര്‍ഷികപ്രതിസന്ധിയും ജനകോടികളുടെ ജീവിതത്തെ തകര്‍ച്ചയുടെ പാതാളത്തിലേക്ക് എത്തിച്ചിരിക്കുന്നു. അടുത്തൊന്നും ഇതില്‍നിന്ന് കരകയറുന്ന ലക്ഷണമില്ലെന്ന് നോബല്‍സമ്മാന ജേതാക്കളായ സാമ്പത്തിക ശാസ്ത്രജ്ഞര്‍, ജോസഫ് സ്റ്റിഗ് ലിറ്റ്സ് മുതല്‍ അഭിജിത്ത് ബാനര്‍ജിവരെ പറയുന്നു.
ബ്രിട്ടീഷുകാര്‍ കോഹിനൂര്‍ രത്നം കവര്‍ന്നെങ്കില്‍ ബിപിസിഎല്‍ അടക്കമുള്ള ‘മഹാരത്ന’സ്ഥാപനങ്ങളും പൊതുസ്വത്തും കവരാന്‍ ചങ്ങാതികളായ കോര്‍പ്പറേറ്റുകള്‍ക്ക് കൂട്ടു നില്ക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് ഇതിനുപുറമേ ലക്ഷക്കണക്കിന് കോടി രൂപയുടെ നികുതിയിളവുകളും നല്കുന്നു. ഇതിനെതിരെ തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം സമരങ്ങള്‍ വളരുകയാണ്. ജനങ്ങളില്‍ മോഡി വാഴ്ചക്കെതിരായ അസംതൃപ്തി പടരുകയാണ്. ഇപ്പോള്‍ അവര്‍ക്ക് ജനങ്ങളെ ഭിന്നിപ്പിച്ചേ മതിയാകൂ.
ജനങ്ങളെ ഭിന്നിപ്പിക്കാന്‍ വര്‍ഗീയമായി തീകൊടുക്കുന്നതിനേക്കാള് സുപരീക്ഷിതമായ മറ്റേത് കുതന്ത്രമുണ്ട്?. ജനങ്ങള്‍ വര്‍ഗീയമായി ഭിന്നിപ്പിക്കപ്പെട്ടാല് അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് ആര്‍ത്തു ചിരിക്കുക സംഘപരിവാറും കോര്‍പറേറ്റ് ചങ്ങാതികളുമായിരിക്കും. അതുകൊണ്ട് ജനകീയ ഐക്യത്തിന്റെ മതനിരപേക്ഷ കരുത്തില്‍ പടരേണ്ട പോരാട്ടത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവരെയും ഒറ്റപ്പെടുത്തേണ്ടിയിരിക്കുന്നു.
ജാലിയന്‍ വാലാ ബാഗ് മുതല്‍ നാവിക കലാപംവരെയുള്ള സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രം മതനിരപേക്ഷമായി ഇന്ത്യ ഒരുമിച്ച് പൊരുതിയതിന്റേതാണ്. അതുകൊണ്ടാണ് ഇന്ത്യ അതിജീവിച്ചത്. ജനറല്‍ ഡയറിനെ വെടിവച്ചുകൊന്ന ഉദ്ദംസിങ്ങിനോട് ബ്രിട്ടീഷ് ജഡ്ജി പേര് ചോദിച്ചപ്പോള്‍ മറുപടി റാം മുഹമ്മദ് സിങ് എന്നായിരുന്നു. സ്വാതന്ത്ര്യത്തിനായി പൊരുതിയ രക്തസാക്ഷികളുടെ ചോര വീണ മണ്ണില്‍ ചവിട്ടിനിന്ന് ആ ചരിത്രപാഠങ്ങള്‍ നമ്മളെല്ലാം ഉറക്കെച്ചൊല്ലേണ്ട നിര്‍ണായക സന്ദര്‍ഭമാണിത്. ഐക്യവും ഭരണഘടനയുമാണ് ഈ പേരാട്ടത്തിലെ നമ്മുടെ ആയുധം.
Discussion about this post