തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്തെ പൂര്‍ണ്ണമനസോടെ അംഗീകരിക്കുന്നു എന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. പൗരത്വ നിയമത്തിന് എതിരെ രാഷ്ട്രീയ കക്ഷികള്‍ നടത്തുന്ന സമരത്തിന് ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ഉണ്ടാകുമെന്നും പിസി ജോര്‍ജ്ജ് നിയമസഭയില്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് നടത്തുന്ന സമരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ വിറപ്പിക്കുന്ന വിധത്തില്‍ ആകണം. സമരങ്ങള്‍ മോഡി സര്‍ക്കാര്‍ അറിയും വിധത്തിലാകണം. അഞ്ച് ലക്ഷം പേരെ ഇറക്കി എജീസ് ഓഫീസ് പത്ത് ദിവസം വളഞ്ഞു വക്കാന്‍ കഴിയണം. കേരളത്തിലെ സമരം കണ്ട് കേന്ദ്ര സര്‍ക്കാര്‍ വിറയ്ക്കുന്ന അവസ്ഥയുണ്ടാകണമെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. അഞ്ച് ലക്ഷം പേരെ അണിനിരത്താനുണ്ടായിരുന്നെങ്കില്‍ അത്തരമൊരു സമര രീതി ഏറ്റെടുത്തേനെ എന്നും പിസി കൂട്ടിച്ചേര്‍ത്തു.
സംഗീതം പോലെ സാന്ദ്രമായ ഒരു രാജ്യത്ത് അപസ്വരം കടത്തി വിടുകയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കുരങ്ങിന്റെ കയ്യില്‍ പൂമാല കിട്ടി എന്ന് പറയും പോലെയാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണം. എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് ഒരു പിടിയുമില്ലാത്ത അവസ്ഥയാണ്- പിസി പറഞ്ഞു.
മുസ്ലീം സമൂഹത്തെ അങ്ങനെ ഒന്നും ഒഴിവാക്കാനാകില്ല. സ്വാതന്ത്ര്യ സമരത്തിന് സംഭാവന ചെയ്തവരില്‍ വലിയൊരു ശതമാനവും മുസ്ലീം സമുദായമാണെന്നും പിജി ജോര്‍ജ്ജ് പറഞ്ഞു. അവരെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുന്നതിന് ഒരു നീതീകരണവും ഇല്ല. മതേതര വിശ്വാസികളുടെ ശവത്തില്‍ ചവിട്ടി മാത്രമെ മോഡിക്ക് നിയമം നടപ്പാക്കാനാകൂ എന്നും പിസി ജോര്‍ജ്ജ് വ്യക്തമാക്കി.