തിരുവനന്തപുരം; ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ സവര്‍ക്കറുടെ പിന്മുറക്കാര് രാജ്യത്തെ ചെറുപ്പക്കാരെ ദേശസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. പൗരത്വ നിയമഭേദഗതിക്കെതിരെ കേരള നിയമസഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പ്രമേയം സഭ ചര്‍ച്ച ചെയ്യവേയായിരുന്നു ഷാഫി പറമ്പില്‍ ബിജെപിക്ക് എതിരെ തുറന്നടിച്ചത്.
ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും സിഖുകാരും ബുദ്ധിസ്റ്റുകളും ജൈനരുമൊക്കെ അടങ്ങുന്ന ഭാരതീയരുടെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്. ഇതിനെ തകര്‍ക്കാനും ഇതിന്റെ മൂല്യങ്ങളെ വേരോടെ പിഴുതെറിയാനും നടത്തുന്ന ശ്രമങ്ങളെ ഒറ്റവാക്കില്‍ വിശേഷിപ്പിക്കേണ്ടത് ഫാസിസം എന്നാണ്. അതിനെ എന്തു വില കൊടുത്തും ചെറുക്കാന്‍ നമുക്കെല്ലാവര്‍ക്കും ബാധ്യതയുണ്ട്- ഷാഫി പറമ്പില്‍ പറഞ്ഞു.
ഈ പോരാട്ടത്തിന്റെ മുന്‍നിരയില്‍ കേരളം ഉണ്ടാകുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു. ഭരണഘടന തന്നെ വര്‍ഗീയത ചാര്‍ത്തുന്ന ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്ക് ഈ രാജ്യം ചെന്നെത്തിയിരിക്കുന്നു. വൈവിധ്യങ്ങള്‍ക്കിടയിലും ഒരുമിച്ച് ജീവിച്ചതിലൂടെയാണ് ഇന്ത്യ ലോകത്തെ വിസ്മയിപ്പിച്ചിരുന്നത്. എന്നാല്‍ ഇന്ന് വര്‍ഗീയതയുടെ പേരില്‍ നടക്കുന്ന അക്രമങ്ങളുടെ പേരിലാണ് ഇന്ത്യ അറിയപ്പെടുന്നത്. ഇന്ത്യക്ക് എന്ത് പറ്റിയെന്ന് ലോകരാജ്യങ്ങള്‍ ചോദിക്കുകയാണ്. ഇന്ത്യയിന്ന് ലോക രാജ്യങ്ങള്‍ക്ക് മുന്നില്‍ നാണം കെടുകയാണ്.
രാജ്യസ്നേഹികളും കപട രാജ്യസ്നേഹികളും തമ്മിലുള്ള വ്യത്യാസം നാം തിരിച്ചറിഞ്ഞതാണ്. പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമായി കാണുന്നത് ഫാസിസത്തിന്റെ മറ്റൊരു അടയാളമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post