മോഡിയും ഷായും ചേര്‍ന്ന് സിക്‌സറും ഫോറും അടിച്ച് രാജ്യത്തെ മുന്നോട്ടുനയിക്കുന്നു, പക്ഷേ പലരും കേന്ദ്രസര്‍ക്കാരിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; കേന്ദ്രമന്ത്രി

കൊച്ചി: രാജ്യതാത്പര്യം മുന്നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍ പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും പറയുന്നത് ഭരണഘടനാവിരുദ്ധമാണെന്നും നിലവില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുളള നീക്കമാണ് നടക്കുന്നതെന്നും കേന്ദ്രമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത് അപവാദ പ്രചാരണമാണ്. കേന്ദ്രസര്‍ക്കാരിനെതിരെയും മോഡിക്കും അമിത് ഷായ്ക്കുമെതിരെയും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. നരേന്ദ്രമോഡിയും അമിത് ഷായും ചേര്‍ന്ന് സിക്‌സറും ഫോറും അടിച്ച് രാജ്യത്തെ മുന്നോട്ടുനയിക്കുകയാണെന്നും ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്ത് കേന്ദ്രമന്ത്രി വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കേരളം ബാധ്യസ്ഥമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ എതിരായി പ്രമേയം പാസാക്കുന്നത് കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കുന്നില്ല. ഭരണഘടനയ്ക്ക് വിരുദ്ധമായാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും തെറ്റായ പ്രചാരണമാണ് കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു.

Exit mobile version