തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയുടെ പ്രത്യേകയോഗത്തിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നിയമം രാജ്യത്തിനകത്തും പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും മതവിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവാദ നിയമഭേദഗതി പിൻവലിക്കണമെന്ന പ്രമേയം മുഖ്യമന്ത്രി അവതരിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം നമ്മുടെ നാടിനെ കുറിച്ച് രാജ്യാന്തര സമൂഹത്തിൽ തെറ്റായ സന്ദേശമാണ് സൃഷ്ടിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ ആശങ്ക പരിഹരിക്കേണ്ടതുണ്ട്. മതവിദ്വേഷത്തിൻറേയല്ല മറിച്ച് മതവിശ്വാസത്തെ ബഹുമാനിക്കുന്ന പാരമ്പര്യത്തെ ഉൾക്കൊള്ളുന്നതാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു. പൗരത്വ ഭേദഗതി നിയമം റദ്ദാക്കി രാജ്യത്തെ ജനത ഒന്നായി കാണുന്ന ഭരണഘടനാ കാഴ്ചപ്പാട് തയാറാകണമെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൗരത്വത്തിൽ നിന്ന് പുറത്താക്കപ്പെടുന്നവരെ പാർപ്പിക്കാനുളള തടങ്കൽപ്പാളയങ്ങൾ കേരളത്തിൽ ഉണ്ടാവില്ല. തടങ്കൽപ്പാളയങ്ങൾക്കുള്ള യാതൊരു നടപടിയും സർക്കാർ സ്വീകരിക്കില്ല. പൗരത്വവുമായി ബന്ധപ്പെട്ട കേരളത്തിൻറെ പ്രമേയം ചരിത്രത്തിൽ ഇടംനേടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച വിജ്ഞാപനം ഇറക്കരുതെന്ന് കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണമെന്ന പ്രതിപക്ഷ ആവശ്യം സംസ്ഥാന സർക്കാർ തള്ളി. പ്രതിപക്ഷ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പ്രമേയത്തെ സഭയിലെ ഏക ബിജെപി അംഗം ഒ രാജഗോപാൽ എതിർത്തു. പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് രാജഗോപാൽ ആരോപിച്ചു.
Discussion about this post