കേരളത്തില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം; ലംഘിച്ചാല്‍ പിഴ പതിനായിരം രൂപ മുതല്‍!

ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം. ഒറ്റത്തവണ ഉപയോഗത്തിനുള്ള എല്ലാ പ്ലാസ്റ്റിക് വസ്തുക്കള്‍ക്കും ഉത്തരവ് ബാധകമാണ്. നിര്‍മ്മാണവും വില്‍പ്പനയും മാത്രമല്ല, സൂക്ഷിക്കലും നിരോധിക്കാനാണ് തീരുമാനം. ഏതുകനത്തിലുള്ള പ്ലാസ്റ്റിക് ബാഗായാലും നിരോധനം ബാധകമാണ്.

എന്നാല്‍, ബ്രാന്റഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങള്‍ക്കും വെള്ളവും മദ്യവും വില്‍ക്കുന്ന കുപ്പികള്‍ക്കും പാല്‍ കവറിനും നിരോധനം ബാധകമല്ല. മുന്‍കൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങള്‍, ധാന്യപ്പൊടികള്‍, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാന്‍ ഉപയോഗിക്കാവുന്ന പാക്കറ്റുകള്‍ എന്നിവയെയും നിരോധനത്തില്‍ നിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന പാക്കറ്റുകള്‍ നിരോധിച്ചു. നിരോധിച്ചവ നിര്‍മ്മിക്കാനോ വില്‍ക്കാനോ കൊണ്ടുപോകാനോ പാടില്ല.

ലംഘിച്ചാല്‍ ആദ്യതവണ പിഴ പതിനായിരം രൂപ, രണ്ടാമതും ലംഘിച്ചാല്‍ 25,000 രൂപ. തുടര്‍ന്നും ലംഘിച്ചാല്‍ 50,000 രൂപ പിഴ. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കുകയും ചെയ്യും. കളക്ടര്‍, സബ്ഡിവിഷനല്‍ മജിസ്‌ട്രേട്ട്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന സെക്രട്ടറി, പരിസ്ഥിതി നിയമ പ്രകാരം കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു ഇതിനെതിരെ നടപടിയെടുക്കാം.

Exit mobile version