കൊച്ചി: ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 3,000 രൂപയിലധികമാണ് വൈദ്യുതി ബില്‍ എങ്കില്‍ ഇനിമുതല്‍ കെഎസ്ഇബി കൗണ്‍ണ്ടറുകള്‍ വഴി പണം അടയ്ക്കാന്‍ കഴിയില്ല. രണ്ടു മാസം കൂടുമ്പോള്‍ 3,000 രൂപയിലധികം വൈദ്യുതി ബില്‍ വരുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ പേയ്മെന്റ് കെഎസ്ഇബി നിര്‍ബന്ധമാക്കി.
ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെയും ഭാഗമായാണിത്. ജനുവരി ഒന്നുമുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
ഗാര്‍ഹികേതര ഉപയോക്താക്കളില്‍ പ്രതിമാസം 2000 രൂപയ്ക്കു മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്കു കഴിഞ്ഞ വര്‍ഷം മുതല്‍ ഡിജിറ്റല്‍ പേയ്മെന്റ് നിര്‍ബന്ധമാക്കിയിരുന്നു. അതേസമയം, മാര്‍ച്ച് വരെ ഉപാധികളോടെ കൗണ്ടറില്‍ പണം സ്വീകരിക്കും.
wss.kseb.in എന്ന വെബ്സൈറ്റ് അല്ലെങ്കില്‍ കെഎസ്ഇബി മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈനായി വൈദ്യുതി ചാര്‍ജ് അടയ്ക്കാം. വിവിധ ബാങ്കുകളില്‍ നിന്ന് ഡയറക്ട് നെറ്റ് ബാങ്കിങ് സംവിധാനം ഉപയോഗിച്ചും പണം അടയ്ക്കാവുന്നതാണ്. പേയ്ടിഎം, ആമസോണ്‍ പേ, ഗൂഗിള്‍ പേ, ഫോണ്‍ പേ തുടങ്ങിയവ വഴിയും ബില്ലടയ്ക്കാനുളള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post