കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കൊച്ചിയില്‍ സംയുക്ത റാലി സംഘടിപ്പിക്കും. റാലിയ്ക്കും സമരപ്രഖ്യാപന സംഗമത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്മാന് ടിഎച്ച് മുസ്തഫ വ്യക്തമാക്കി. പരിപാടിയുടെ പ്രചരണാര്‍ഥം നാളെ വൈകിട്ട് ആലുവയില്‍ നിന്ന് വിളംബര ജാഥ നടത്തും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ അഞ്ച് ലക്ഷത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. ജനുവരി ഒന്നിന് മൂന്ന് മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിക്കുന്ന സംയുക്ത റാലി മറൈന്‍ഡ്രൈവിലെ സമ്മേളനനഗരിയില്‍ അവസാനിക്കും.
റാലിയില്‍ എല്ലാ മുസ്ലിം സംഘടനകളില്‍ നിന്നുമുള്ള നേതാക്കളും അണിനിരക്കും. എന്നാല്‍ സംഘടനകളുടെ കൊടികള്‍ ഉപയോഗിക്കാതെയാവും പ്രവര്‍ത്തകര്‍ റാലിയില്‍ പങ്കെടുക്കുക. ഗതാഗത തടസ്സമൊഴിവാക്കാനായി ആയിരിക്കണക്കണക്കിന് വൊളണ്ടിയര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്.