കൊച്ചി: ശബരിമലയില്‍ നിന്നും പകര്‍ത്തിയ പോലീസുകാരന്റെയും അമ്മയുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ചിത്രം പ്രത്യക്ഷപ്പെട്ട നിമിഷം മുതല്‍ സോഷ്യല്‍ മീഡിയ പിന്തുണയും സ്നേഹവും അറിയിച്ച് രംഗത്തെത്തിയിരുന്നു.സന്നിധാനത്ത് ഡ്യൂട്ടിക്കിടെ വൃദ്ധയായ ഭക്തയുടെ തോളില്‍ കയ്യിട്ട് അവര്‍ക്കൊപ്പം നടക്കുന്ന പോലീസുകാരന്റെ ചിത്രം സോഷ്യല്‍ മീഡിയ കൈയ്യടക്കുമ്പോള്‍ അതിനു പിന്നിലെ കഥ പറയാനുണ്ട് ഫോട്ടോഗ്രാഫര്‍ക്ക്. ടൈംസ് ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫര്‍ ശ്രീജിത്ത് ആര്‍കെ യാണ് ആ ചിത്രം പകര്‍ത്തിയത്.
”ആ ചേര്‍ത്തു പിടിയ്ക്കലില്‍ എല്ലാമുണ്ട്… ഒരുപാട് ചിത്രങ്ങള്‍ പകര്‍ത്തി നടക്കുമ്പോള്‍ അവിചാരതമായി കണ്ട കാഴ്ച… ഞൊടിയിടയില്‍ ഓടിയെത്തി ക്യാമറയിലാക്കി, അത്രമാത്രം. സാധാരണ പോലെ വെറുതെ കൈ പിടിക്കുകയല്ല, ആ പോലീസുകാരന് അമ്മയെ ചേര്‍ത്ത് പിടിക്കുകയായിരുന്നു. കണ്ടപ്പോള്‍ ഹൃദയസ്പര്‍ശിയായി തോന്നി. അപ്പോള്‍ പെട്ടെന്ന് അങ്ങ് എടുത്തു. ക്യാമറ അഡ്ജസ്റ്റ് ചെയ്യാന്‍ പോലും സമയം കിട്ടിയില്ല.” ശ്രീജിത്ത് പറയുന്നു.
ഇതൊരു ഫോട്ടോഷൂട്ട് ആണെന്ന് വിമര്‍ശിച്ചവര്‍ക്കെതിരെയാണ് ശ്രീജിത്തിന്റെ വാക്കുകുടെ പ്രഹരം ഏല്ക്കുക. അവരെ മാത്രം ലക്ഷ്യമിട്ടാണ് ശ്രീജിത്ത് ഇപ്പോള്‍ വിശദീകരണം നല്‍കുന്നത്. വറുതെ ആ പാവത്തിനെതിരെ ഫോട്ടോഷൂട്ട് നടത്തി എന്നും കഴിഞ്ഞ വര്‍ഷത്തെ ചിത്രമാണെന്നുമൊക്കെ പ്രചരിപ്പിക്കരുതെന്ന് ശ്രീജിത്ത് അപേക്ഷിച്ചു. അന്ന് ചെറിയ മഴയുള്ള ദിവസമായിരുന്നു. വൈകുന്നേരം സന്നിധാനത്തിന്റെ പിന്‍വശത്ത് കൂടി റിപ്പോര്‍ട്ടറായ ഡിസ്നി ടോമിനൊപ്പം നടന്ന് വരുമ്പോള്‍ പിന്നില്‍ നിന്നാണ് ആ പോലീസുകാരനെയും അമ്മയെയും കാണുന്നത്. ആ ഭക്തയെ പോലീസുകാരന് ചേര്‍ത്ത് പിടിച്ച് കൊണ്ട് പോവുകയായിരുന്നു.
ഉടന്‍ ഓടി അവരുടെ മുന്നിലെത്തി രണ്ട് ക്ലിക്കെടുത്തു. അവര്‍ ഈ ഫോട്ടോ എടുക്കുന്നതൊന്നും കാണാതെ എന്തൊക്കെയോ സംസാരിച്ച് നടന്ന് പോയി. അത്രയേ അന്ന് സംഭവിച്ചുള്ളുവെന്ന് ശ്രീജിത്ത് പറഞ്ഞു. സാധാരണ ഒരു ചിത്രം എടുക്കുന്ന പോലെയാണ് അതും എടുത്തത്. ഇതിനെക്കാള്‍ നല്ലതെന്ന് തനിക്ക് തോന്നിയ ഒരുപാട് ചിത്രങ്ങള്‍ എടുത്തിരുന്നു. എന്നാല്‍, ഇതാണ് വൈറലായത്. ആ പോലീസുകാരനെ ഇന്ന് വീണ്ടും കണ്ടിരുന്നു. ആള് ഇപ്പോള്‍ ഉഷാറായി. ആദ്യം വിമര്‍ശനം വന്നെങ്കിലും ഒരുപാട് പേര് ഇപ്പോള്‍ നല്ല അഭിപ്രായത്തോടെ വിളിക്കുന്നുണ്ടെന്നാണ് പറഞ്ഞതെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ശ്രീജിത്ത് ആദ്യമായല്ല ചിത്രങ്ങള്‍ പകര്‍ത്താന്‍ പോകുന്നത്. പണ്ടായാലും ഇപ്പോഴായാലും സന്നിധാനത്തെ പോലീസ് ഏറെ സഹായകരമായാണ് ഭക്തരോട് പെരുമാറുന്നതെന്നും ശ്രീജിത്ത് പറഞ്ഞു.
Discussion about this post